ബ്രൂക്‍ലിൻ: ന്യൂയോര്‍ക്ക് സബ്‍വെ മെട്രോ സ്റ്റേഷനില്‍ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. ഫ്രാങ്ക് ജെയിംസ് എന്ന അറുപത്തിരണ്ടുകാരനാണ് ന്യൂയോര്‍ക്ക് പൊലീസിന്‍റെ പിടിയിലായത്. തിരക്കേറിയ സമയത്ത് സബ്‍വേ മെട്രോസ്റ്റേഷനിൽ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഫെഡറൽ കുറ്റം ചുമത്തിയ ഈയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാൻഹട്ടനിൽ നിന്നാണ് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിയേറ്റ ഇരുപത് പേരിൽ അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും സഞ്ചരിച്ച വാനും സ്റ്റേഷന് സമീപത്ത് ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. വെടിവെപ്പിൽ 10 പേർക്ക് നേരിട്ട് വെടിയേറ്റു. 13 പേർ മെട്രോ സ്റ്റേഷനിൽ നിന്ന് ഉയർന്ന പുക ശ്വസിച്ചാണ് ബോധരഹിതരായി വീണത്. പരിഭ്രാന്തരായി ഓടിയ ആൾക്കൂട്ടത്തിൽ തിക്കിനും തിരക്കിനുമിടയിൽപ്പെട്ടും ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ചും വംശീയപ്രശ്നങ്ങളെക്കുറിച്ചും വീടില്ലാത്തവർക്ക് നൽകേണ്ട സഹായത്തെക്കുറിച്ചും ഫ്രാങ്ക് ജയിംസ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ന്യൂയോർക്ക് മേയർ എറിക് ആഡംസിനെതിരെ ഭീഷണി ഉൾപ്പടെ ഉയർത്തി ഫ്രാങ്ക് ജയിംസ് യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ ന്യൂയോർക്ക് സബ്‍വേ സ്റ്റേഷനും മേയറുടെ വസതിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിസ്കോൺസിനിലും ഫിലാഡൽഫിയയിലും വീടുകളുണ്ട് പ്രതിയായ ഫ്രാങ്ക് ജയിംസിന്. പ്രൊഫറ്റ് ഓഫ് ട്രൂത്ത് എന്ന പേരിലുള്ള യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ പല ഭീഷണി വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നത്.
1980-കളിൽ തനിക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഒരു വീഡിയോയിൽ ഫ്രാങ്ക് ജയിംസ് പറയുന്നുണ്ട്. ന്യൂയോർക്കിലെ മെന്‍റൽ ഹെൽത്ത് ട്രീറ്റ്‍മെന്‍റ് സെന്‍ററിലായിരുന്നു താനെന്നും വീഡിയോയിൽ ഈ അറുപത്തിരണ്ടുകാരൻ പറയുന്നുണ്ട്. ചികിത്സയിലുണ്ടായിരുന്ന കാലത്ത് 'ചില അനധികൃത ലഹരി മരുന്ന്' താനുപയോഗിച്ചിരുന്നുവെന്നും ഇയാൾ പറയുന്നുണ്ട്. ഒരു മണിക്കൂറോളം നീളമുണ്ട് ഓരോ വീഡിയോയ്ക്കും. ഈ വീഡിയോകൾ നിലവിൽ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‍മെന്‍റ് പരിശോധിച്ച് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam