ഓട്ടോഗ്രാഫ് ചോദിച്ചെത്തി, കഴുത്തില്‍ കത്തി കൊണ്ട് കുത്തി; ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

Published : Jan 02, 2024, 11:07 AM ISTUpdated : Jan 02, 2024, 11:16 AM IST
ഓട്ടോഗ്രാഫ് ചോദിച്ചെത്തി, കഴുത്തില്‍ കത്തി കൊണ്ട് കുത്തി;  ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം

Synopsis

ലീയുടെ പേരെഴുതിയ തൊപ്പിയാണ് അക്രമി ധരിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തു.

സിയോള്‍: ദക്ഷിണ കൊറിയയില്‍ പ്രതിപക്ഷ  നേതാവും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുസാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ലീ ജേ മ്യുങ്ങിന് കഴുത്തില്‍ കുത്തേറ്റത്. ഓട്ടോഗ്രാഫ് ചോദിച്ചെത്തിയാണ് അക്രമി ലീയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബുസാനില്‍ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ലീ ജേ മ്യുങ്ങ് ആക്രമിക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് കാറിനടുത്തേക്ക് പോകുമ്പോള്‍ അനുയായി എന്ന വ്യാജേന ഒരാളെത്തി ഓട്ടോഗ്രാഫ് ചോദിച്ചു. എന്നിട്ട് ലീയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ 59കാരനായ ലീ നിലത്തുവീണു. പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ലീയുടെ പേരെഴുതിയ തൊപ്പിയാണ് ഇയാൾ ധരിച്ചിരുന്നത്.  ഇയാളെ അറസ്റ്റ് ചെയ്തു.

ഉടന്‍ തന്നെ ലീയെ ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. രക്തസ്രാവമുണ്ടായെങ്കിലും ബോധം നഷ്ടമായിരുന്നില്ല. പിന്നീട് ഹെലികോപ്റ്ററിൽ അദ്ദേഹത്തെ  പുസാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

ഇത് ലീക്കെതിരായ ഭീകരപ്രവർത്തനമാണെന്നും ഒരു സാഹചര്യത്തിലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഡെമോക്രാറ്റിക് പാർട്ടി എംപി ക്വോൺ ചിൽ സിയുങ് പ്രതികരിച്ചു. ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ലീയുടെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള വിദഗ്ധ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീ ജെയ് മ്യുങ്ങിന്റെ സുരക്ഷയില്‍ പ്രസിഡന്‍റ് യൂന്‍ സുക് ആശങ്ക രേഖപ്പെടുത്തി. 2022ല്‍ നടന്ന വാശിയേറിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലീയും മത്സരിച്ചിരുന്നു. 2027ൽ അദ്ദേഹം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു
'ട്രംപ് ഇന്റർനാഷണൽ ​ഗ്യാങ്സ്റ്റർ, അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ'; പ്രസിഡന്റ് രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് എംപി