ഇന്ത്യന്‍ സ്വദേശിയെ വംശീയമായി അധിക്ഷേപിച്ചു; ചൈനീസ് വംശജന് സിങ്കപ്പൂരില്‍ ജയില്‍ ശിക്ഷ

By Web TeamFirst Published Jul 27, 2019, 10:11 AM IST
Highlights

ഒരാഴ്ച ജയില്‍ വാസവും ആയിരം സിങ്കപ്പൂര്‍ ഡോളര്‍ പിഴയുമാണ് സിങ്കപ്പൂര്‍ കോടതി വിധിച്ചിരിക്കുന്നത്. 

സിങ്കപ്പൂര്‍: ഇന്ത്യന്‍ സ്വദേശിയെ വംശീയമായി അധിക്ഷേപിച്ച ചൈനീസ് വംശജനായ സിങ്കപ്പൂര്‍ സ്വദേശിക്ക് ജയില്‍ ശിക്ഷയും പിഴയും. ഒരാഴ്ച ജയില്‍ വാസവും ആയിരം സിങ്കപ്പൂര്‍ ഡോളര്‍ പിഴയുമാണ് സിങ്കപ്പൂര്‍ കോടതി വിധിച്ചിരിക്കുന്നത്. 47കാരനായ വില്യം ആവ് ചിന്‍ ചായ് ആണ്  വംശീയാധിക്ഷേപത്തിന് ശിക്ഷ നേരിടുന്നത്. ഇതുകൂടാതെ ഒരു യുവതിയെയും ചായ് അധിക്ഷേപിച്ചു. മറ്റൊരു സംഭവത്തില്‍ ഇയാള്‍ രണ്ട് യുവാക്കള്‍ക്കുമേല്‍ ന്യൂഡില്‍സ് വീഴ്ത്തിയെന്നും പരാതി നേരിട്ടിരുന്നു. 

ഈ മൂന്ന് സംഭവങ്ങള്‍ക്കുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്. ഒരു ഭക്ഷണശാലയില്‍ നിന്ന് കുപ്പിവെള്ളം മോഷ്ടിച്ച കേസില്‍ വിചാരണ നടക്കുകയാണെന്ന് ന്യൂസ് ഏഷ്യാ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് ചായ് ഈ കുറ്റകൃത്യങ്ങള്‍ നടത്തിയത്. ഈ സമയം ചായ് തൊഴില്‍ രഹിതനായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ വംശജനായ രാമചന്ദ്രന്‍ ഉമാപതിയെന്നയാളെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ചായ് വംശീയമായി അധിക്ഷേപിച്ചത്. 

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2 വില്‍ വച്ച് 33 കാരനായ രാമചന്ദ്രന്‍ ലിഫ്റ്റില്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം മൊബൈലില്‍ ചിത്രീകരിച്ച രാമചന്ദ്രന്‍ സിങ്കപ്പൂര്‍ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ സംഭവം അറിയിച്ചു. ഒപ്പം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും ചായ്‍യെ അറസ്റ്റുചെയ്ത് കോടതിക്ക് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. 

click me!