ബഞ്ചീ റോപ്പില്‍ നിന്ന് പിടിവിട്ട് താഴേക്ക് പതിക്കുന്ന സാഹസികന്‍; അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യം

By Web TeamFirst Published Jul 26, 2019, 9:22 AM IST
Highlights

ബഞ്ചീ റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ട് താഴേക്ക് പതിക്കുന്ന സാഹസികന്‍റെ ആ നിമിഷം പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയെ നടുക്കിയിരിക്കുന്നത്. പോളണ്ടിലാണ് സംഭവം. 

വാഴ്സ: അതിസാഹസികതകള്‍ ഇഷ്ടമുള്ളവരാണ് ബഞ്ചീ റോപ്പിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദ പരിപാടികള്‍ക്കെത്തുന്നത്. എന്നാല്‍ ഇത് വളരെ അപകടം നിറഞ്ഞതുമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരമൊരു അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യമാണ്.  ബഞ്ചീ റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ട് താഴേക്ക് പതിക്കുന്ന സാഹസികന്‍റെ ആ നിമിഷം പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയെ നടുക്കിയിരിക്കുന്നത്. പോളണ്ടിലാണ് സംഭവം. 

ഒരു കരച്ചിലോടെ താഴേക്ക് പതിച്ച സാഹസികന് ജീവന്‍ തിരിച്ചുകിട്ടിയെന്നതാണ് മറ്റൊരു അത്ഭുതം. ഇയാളുടെ ശരീരത്തില്‍ ബാഹ്യമായി മുറിവുകളൊന്നും ഇല്ലെങ്കിലും ആന്തരികമായി മുറിവേറ്റിട്ടുണ്ട്. ചില ആന്തരികാവയവങ്ങള്‍ക്ക് സാരമായി തകരാറുപറ്റി. നട്ടെല്ലിന് ക്ഷതമേറ്റെങ്കിലും സുഷ്മനയെ ബാധിച്ചിട്ടില്ല.330 അടി ഉയരത്തില്‍ നിന്നാണ് 39 കാരനായ ഇയാള്‍ താഴേക്ക് പതിച്ചത്. 

ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബഞ്ചീ ക്ലബ് ആണ് ബഞ്ചീ ജംപ് സംഘടിപ്പിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടുവെന്നും സ്വന്തമായി നടന്നാണ് പുറത്തിറങ്ങിയതെന്നും സംഘടന ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

സമാനമായ സംഭവത്തില്‍ 2009 ല്‍ ബംഗളുരുവില്‍ 25 കാരന്‍ മരിച്ചിരുന്നു. ബാന്നെര്‍ഘട്ട നാഷണല്‍ പാര്‍ക്കിന് സമീപത്ത് ബഞ്ചി ജംപ് ചെയ്യുന്നതിനിടെ റോപ്പില്‍ നിന്ന് വിട്ടാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശിയായ ഭാര്‍ഗവയാണ് മരിച്ചത്. നാല്‍പ്പത് അടി ഉയരത്തില്‍ നിന്നായിരുന്നു റോപ്പില്‍ നിന്ന് ബന്ധം വേര്‍പ്പെട്ടത്.
click me!