
ബെയ്ജിംഗ്: വന്‍തുക ലോട്ടറിയടിച്ച വിവരം ഭാര്യയില്‍ നിന്ന് മറച്ചുവെയ്ക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. 10 മില്യൺ യുവാൻ (12.13 കോടി രൂപ) വിലമതിക്കുന്ന ലോട്ടറിയാണ് സൗ എന്ന ചൈനീസ് പൗരന് അടിച്ചത്. എന്നാല്‍, ഈ വിവരം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച സൗ ദശലക്ഷക്കണക്കിന് യുവാൻ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 10 മില്യൺ യുവാൻ സൗവിന് ലോട്ടറി അടിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. 8.43 മില്യണ്‍ യുവാൻ (10.22 കോടി) ലഭിക്കുകയും ചെയ്തു.
എന്നാല്‍, ഭാര്യയായ ലിന്നില്‍ നിന്ന് സൗ ഈ വിവരം മറച്ചുവെച്ചു. സമ്മാനത്തുക സൗവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ ഉടൻ രണ്ട് മില്യൺ യുവാൻ (2.42 കോടി രൂപ) മൂത്ത സഹോദരിക്ക് കൈമാറി. കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്‍റെ മുൻ ഭാര്യയെ ഒരു ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുന്നതിനായി അദ്ദേഹം 700,000 യുവാൻ (84.93 ലക്ഷം രൂപ) പിൻവലിച്ചെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അധികം വൈകാതെ സൗ ലോട്ടറി അടിച്ച വിവരം തന്നില്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ലിൻ കണ്ടെത്തി.
ഇതോടെ വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തു. പൊതു സ്വത്ത് തുല്യമായി വിഭജിക്കാണമെന്നായിരുന്നു ലിന്നിന്‍റെ ആവശ്യം. സഹോദരിക്കും മുന്‍ ഭാര്യക്കും നല്‍കിയ തുകയുടെ മൂന്നില്‍ രണ്ട് ഭാഗവും തനിക്ക് അവകാശപ്പെട്ടതാണെന്ന് ലിൻ കോടതിയില്‍ വാദം ഉന്നയിച്ചു.
വാദങ്ങള്‍ക്ക് ഒടുവില്‍ കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെൻഷൗവിലെ കോടതി ലോട്ടറി അടിച്ച തുകയില്‍ നിന്ന് സൗ തന്റെ സഹോദരിക്കും മുൻ ഭാര്യക്കും കൈമാറിയ പണം ദമ്പതികളുടെ പൊതു സ്വത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുകയായിരുന്നു. സൗവിന്‍റെ നീക്കങ്ങള്‍ ദമ്പതികളുടെ പൊതു സ്വത്ത് അപഹരിക്കുന്നതാണെന്നും മറച്ചുവെച്ച ലോട്ടറി തുകയുടെ 60 ശതമാനം ലിന്നിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വാർത്ത വൈറലായിട്ടുണ്ട്.