
കാലിഫോര്‍ണിയ: അമേരിക്കന്‍ സേന മിസൈല്‍ അയച്ച് വീഴ്ത്തിയ ചൈനീസ് ബലൂണിന്‍റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തതായി അമേരിക്ക. ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ അടക്കം പറന്നതിന് പിന്നാലെയാണ് മൂന്ന് ലോറികളുടെ വലിപ്പമുള്ള കൂറ്റന്‍ ബലൂണ്‍ അമേരിക്ക മിസൈല്‍ അയച്ച് വീഴ്ത്തിയത്. അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്നാണ് ചൈനീസ് ബലൂണില്‍ നിന്നുള്ള സെന്‍സറുകളടക്കം വീണ്ടെടുത്തത്. ഇലക്ട്രോണിക് സെന്‍സറുകളും എല്ലാ സെന്‍സറുകളും വീണ്ടെടുത്തതായാണ് അമേരിക്കയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് വിശദമാക്കിയത്.
എഫ്ബിഐ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണെന്നാണ് അമേരിക്ക വിശദമാക്കിയത്. ഫെബ്രുവരി നാലിന് ചൈനീസ് ബലൂണ്‍ വെടിവച്ച് ഇട്ടതിന് ശേഷം സമാനമായ മൂന്ന് അജ്ഞാത വസ്തുക്കള്‍ അമേരിക്ക വീണ്ടും വെടിവച്ചിട്ടിരുന്നു. തിങ്കളാഴ്ചയാണ് ബലൂണിന്‍റെ വലിയ ഭാഗങ്ങള്‍ സൌത്ത് കരോലിനയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. 30 മുതല്‍ 40 അടി വരെ നീളമുള്ള ബലൂണിന്‍റെ ആന്‍റിനയും സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്.
ചാര പ്രവര്‍ത്തികള്‍ക്കാണ് ഇത്തരം ബലൂണുകള്‍ ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ കാലാവസ്ഥാ നിരീക്ഷണ ബലൂണാണ് ഇതെന്നാണ് ചൈനയുടെ പ്രതിരോധം. ചൈനീസ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ അലാസ്കയിലും കാനഡയിലെ യൂക്കോണിലും അമേരിക്ക കാനഡ അതിര്‍ത്തിയിലെ ഹുരൂണ്‍ തടാകത്തിന് സമീപവുമാണ് അജ്ഞാത വസ്തുക്കളെ അമേരിക്ക വെടിവച്ച് വീഴ്ത്തിയത്.
ഹുരൂണ്‍ തടാകത്തിന് സമീപത്തെ അജ്ഞാത വസ്തുവിന് നേരെ അയച്ച അദ്യ മിസൈലിന് ലക്ഷ്യം തെറ്റിയിരുന്നു. രണ്ടാമത്തെ മിസൈലാണ് ലക്ഷ്യം കണ്ടത്. 400000 ഡോളറോളം വില വരുന്ന മിസൈലുകളാണ് അജ്ഞാത വസ്തുക്കളെ വെടി വച്ച് വീഴ്ത്താനായി പ്രയോഗിച്ച അമേരിക്ക പ്രയോഗിച്ചിട്ടുള്ളത്. ആദ്യ തവണ കണ്ട ബലൂണിനോട് സമാനമായതും എന്നാല്‍ അതിനേക്കാള്‍ വലുപ്പം കുറഞ്ഞതുമായ വസ്തുക്കളാണ് പിന്നീട് കണ്ടത്. പ്രതികൂല കാലാവസ്ഥയാണ് ആദ്യം വെടിവച്ചിട്ട ചൈനീസ് ബലൂണിന്‍റെ അവശിഷ്ടം കണ്ടെത്തുന്നതില്‍ കാലതാമസം സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് ലോറികളുടെ വലുപ്പം, കൂറ്റൻ ബലൂൺ രഹസ്യം ചോർത്തുമെന്ന് അമേരിക്ക; തകർത്തതോടെ കടുപ്പിച്ച് ചൈന