
ഹാമിൽട്ടൺ: കാനഡയിൽ പൊതുഗതാഗ വകുപ്പിന്റെ ബസ് തട്ടിയെടുത്ത് യുവാവ്. ഒന്റാരിയോയിലെ ഹാമിൽട്ടണിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് യുവാവ് ബസ് യാത്രക്കാരെ അടക്കം തട്ടിയെടുത്തത്. ഹാമിൽട്ടണിൽ ബസ് എത്തിയ സമയത്ത് ഡ്രൈവർ ചെറിയ ഇടവേള എടുത്തതിന് പിന്നാലെയാണ് സംഭവം. അജ്ഞാതനായ യുവാവ് വാഹനത്തിൽ കയറി ഓടിച്ച് പോവുകയായിരുന്നു. നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്ന സമയത്താണ് സംഭവം. 36 വയസ് പ്രായം വരുന്ന യുവാവ് യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ ബസ് ഹൈജാക്ക് ചെയ്തതായി മനസിലാക്കിയത്. പരിചയ സമ്പന്നനായ ഡ്രൈവറേ പോലെ വാഹനം ഓടിച്ച യുവാവ് കൃത്യമായി സ്റ്റോപ്പുകളിൽ നിർത്തുകയും ആളുകളെ കയറ്റുകയും ആളുകളിൽ നിന്ന് ടിക്കറ്റിന്റെ പണമടക്കം ശേഖരിക്കുകയും ചെയ്തു.
വഴിയിൽ നിന്ന് കാലാവധി കഴിഞ്ഞ ബസ് പാസുമായി ബസിൽ കയറാൻ ശ്രമിച്ചയാളെ ഇയാൾ വിലക്കുകയും ചെയ്തു. എന്നാൽ കൃത്യമായ റൂട്ട് പരിചയം ഇല്ലാത്തതിനാൽ യാത്രക്കാരാണ് ഇയാൾക്ക് വഴി പറഞ്ഞുകൊടുത്തത്. കുറച്ചധികം സമയം ഇയാൾ സാധാരണ റൂട്ടിൽ നിന്ന് മാറി ബസ് കൊണ്ടുപോയതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനിടയ്ക്ക് ബസിന്റെ യഥാർത്ഥ ഡ്രൈവർ പൊലീസ് സഹായം തേടുകയായിരുന്നു. ഇതോടെ ബസിനെ പൊലീസ് പിന്തുടരാൻ ആരംഭിക്കുകയായിരുന്നു.
വാഹനം തട്ടിയെടുത്ത ആളെക്കുറിച്ച് കാര്യമായ ധാരണ ഇല്ലാത്തതിനാൽ ഏറെ നേരം പിന്തുടർന്ന ശേഷമാണ് പൊലീസ് ബസ് വളഞ്ഞത്. മോഷണം, യാത്ര തടസം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 36കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യമായ വിലാസം ഇല്ലാത്ത ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുവെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam