പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കൻ ഭരണകൂടം ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിനോട് വിശദീകരണം തേടി.
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്കൻ ഭരണകൂടം ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിനോട് വിശദീകരണം തേടിയതായി റിപ്പോർട്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതിനിധികൾ ഇറാനിയൻ ഉദ്യോഗസ്ഥരുമായി വെടിനിർത്തൽ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ഈ നീക്കം. അമേരിക്കൻ വാർത്താ മാധ്യമമായ 'ആക്സിയോസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.
തിങ്കളാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച നെതന്യാഹു, ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സന്ദേശ കൈമാറ്റങ്ങളോ ചർച്ചകളോ നടക്കുന്നുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചു. ഇസ്രായേലിന്‍റെ യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അമേരിക്ക ഏകപക്ഷീയമായി ഒരു വെടിനിർത്തൽ കരാറിലെത്തുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് സൂചന. എന്നാൽ, ഇസ്രായേലിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഇറാനുമായി യാതൊരുവിധ ചർച്ചകളും തങ്ങൾ നടത്തുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നെതന്യാഹുവിന് ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, യുദ്ധം തുടങ്ങുന്നതിന് മുൻപ് കഴിഞ്ഞ ആഴ്ച ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന്‍റെ ആണവ പദ്ധതിയോടുള്ള നിലപാടിൽ മാറ്റമില്ലാത്തതിനാലാണ് സൈനിക നീക്കത്തിന് ട്രംപ് ഉത്തരവിട്ടത്. എന്നാൽ നിലവിൽ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, തങ്ങളുടെ അറിവില്ലാതെ സഖ്യകക്ഷിയായ അമേരിക്ക ഇറാനുമായി സമാന്തര ചർച്ചകൾ നടത്തുന്നുണ്ടോ എന്ന് ഇസ്രായേൽ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.


