
ദില്ലി: തന്‍റെ ഹർജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറ് മാസം തടവുശിക്ഷ. നരേഷ് ശര്‍മ എന്ന പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിക്കാണ് ഡല്‍ഹി ഹൈക്കോടതി ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ചത്. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ്, ഷാലിന്ദർ കൗര്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി.
കോടതിയുടെ അന്തസ്സും ജുഡീഷ്യൽ പ്രക്രിയയും പരിഗണിച്ച് പരിഷ്‌കൃതമായ രീതിയിൽ തന്റെ പരാതികൾ നിരത്താന്‍ പൗരന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി. 1971ലെ കോടതിയലക്ഷ്യ നിയമ പ്രകാരമാണ് കോടതി നരേഷ് ശര്‍മയ്ക്ക് ശിക്ഷ വിധിച്ചത്. തന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രതിക്ക് ഒരു പശ്ചാത്താപവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ദില്ലി പൊലീസ്, മുംബൈ പൊലീസ്, ബെംഗളൂരു പൊലീസ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, യൂണിയൻ ഓഫ് ഇന്ത്യ എന്നിവ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി നരേഷ് ശര്‍മ നേരത്തെ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ചൂണ്ടിക്കാട്ടിയവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ ഹര്‍ജികള്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയെയാണ് നരേഷ് ശര്‍മ അധിക്ഷേപിച്ചത്. ജഡ്ജിയെ കള്ളി എന്നു വിളിക്കുകയും പിശാചിനോട് താരതമ്യം ചെയ്യുകയും ചെയ്തു. രാജ്യദ്രോഹിയായ ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീലും ഫയൽ ചെയ്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗിലും സയൻസിലും വിദ്യാഭ്യാസം നേടിയതായി അവകാശപ്പെടുന്നയാള്‍, ഇന്ത്യൻ ഭരണഘടനയെ മാനിക്കുകയും നിയമത്തിൽ വിശ്വസിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഉത്തരവാദപ്പെട്ട പൗരനെന്ന നിലയിൽ, കോടതിയുടെ അന്തസ്സും ജുഡീഷ്യൽ പ്രക്രിയയും കാത്തുസൂക്ഷിച്ചുകൊണ്ട് പരിഷ്‌കൃതമായ രീതിയിൽ പരാതികള്‍ അവതരിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam