
ലണ്ടന്‍: ലണ്ടനിലെ ബിഗ് ബെൻ ടവറിൽ പലസ്തീൻ പതാകയുമായി കയറിയ ആൾ അറസ്റ്റിൽ. 16 മണിക്കൂറുകളോളം പലസ്തീന്‍ പതാകയും കഫിയയുമായി ടവറിന്റെ മുനമ്പില്‍ ഇരുന്ന ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് താഴേക്കിറങ്ങിയത്.
മാര്‍ച്ച് 8 ന് ആണ് സംഭവം. യുവാവ് പലസ്തീന്‍ പതാകയുമായി ബിഗ് ബെൻ ടവറിലേക്ക് കയറിപ്പോയതോടെ എമര്‍ജന്‍സി സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ താഴെ നിലയുറപ്പിച്ചു. പലസ്തീന്‍ പതാകയ്ക്ക് പുറമേ മിഡില്‍ ഈസ്റ്റിലെ പുരുഷന്മാര്‍ ധരിക്കുന്ന കഫിയയുമായാണ് ഇയാള്‍ ബിഗ് ബെൻ ടവറിന്റെ ശിലാഫലകത്തിനു ചുറ്റും ഇരുന്നത്. ശേഷം സംഭവങ്ങള്‍ അപ്പപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 16 മണിക്കൂറിനു ശേഷമാണ് പിന്നീട് ഇയാള്‍ താഴെയിറങ്ങിയത്. താഴെയിറങ്ങിയ ശേഷം പിന്നീട് ഇയാളെ വെസ്റ്റ്മിൻസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലണ്ടൻ ഫയർ ബ്രിഗേഡ് ഉൾപ്പെടെയുള്ളവര്‍ രക്ഷാ ദൗത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ഉദ്യോഗസ്ഥരുടെയും വ്യക്തിയുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും വെസ്റ്റ്മിൻസ്റ്റർ പൊലീസ് പറഞ്ഞു.
പൊലീസ് അടുത്തേക്ക് വന്നാല്‍ ഉയരത്തില്‍ നിന്ന് ചാടുമെന്ന് യുവാവ് പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ വ്യക്തമായി കേള്‍ക്കാം. പൊലീസിന്റെ അടിച്ചമർത്തലിനും ഭരണകൂട അക്രമത്തിനുമെതിരെയാണ് താന്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യം മരിച്ചു. സമാധാനപരമായ പ്രതിഷേധത്തിനു പോലും പലസ്തീൻ ആക്ടിവിസ്റ്റുകളെ ജയിലിലടയ്ക്കുകയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...