
അമേരിക്ക: വളർത്തുനായയാണെന്ന് കരുതി കാറിന്റെ പിൻസീറ്റിൽ കയറ്റിയത് ചെന്നായയോട് സാമ്യമുള്ള കാട്ടുനായയെ. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏലി ബോറിഡ്സ്കി എന്ന വ്യക്തിയാണ് കാറിന് മുന്നിൽ വന്നു ചാടിയ മൃഗം ആരുടെയോ ഓമന മൃഗമാണെന്ന് തെറ്റിദ്ധരിച്ച് കാറിൽ കയറ്റിയത്. ഇടിയേറ്റ് അബോധാവസ്ഥയിലായിരുന്നു അത് കിടന്നിരുന്നത്. പിന്നീടാണ് അദ്ദേഹത്തിന് മനസ്സിലായത് വളർത്തു മൃഗമാണെന്ന് കരുതി താൻ കാറിൽ കയറ്റിയത് അമേരിക്കയിൽ കണ്ടുവരുന്ന ചെന്നായയോട് സാദൃശ്യമുള്ള കാട്ടുനായ് ആണെന്ന്.
രാത്രി തനിക്ക് റോഡിൽ നിന്ന് ലഭിച്ച മൃഗത്തെക്കുറിച്ച് പിറ്റേന്ന് ഫാക്ടറിയിലെത്തിയ സമയത്ത് സഹപ്രവർത്തകനോട് ബോറിഡ്സ്കി പറഞ്ഞു. കാറിലുള്ളത് വളർത്തുനായയല്ല, കാട്ടുനായയാണെന്ന് സഹപ്രവർത്തകനാണ് ഇദ്ദേഹത്തെ അറിയിച്ചത്. ഉടൻ തന്നെ വൈൽഡ് ലൈഫ് സെന്ററുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഉദ്യോഗസ്ഥരെത്തിയാണ് ഇതിനെ കൂട്ടിലാക്കിയത്. കാറിലായിരുന്ന സമയത്തും പുറത്തെടുത്തപ്പോഴും അസാധാരണമാം വിധത്തിൽ ശാന്തമായാണ് മൃഗം പെരുമാറിയത്. വീഴ്ചയിൽ പരിക്കേറ്റ കാട്ടുനായയെ സുഖം പ്രാപിച്ചതിന് ശേഷം തിരികെ കാട്ടിലേക്ക് തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു.
''വന്യമൃഗങ്ങൾ പൊതുവെ ഇണങ്ങുന്നവരല്ല. അവർ ഭയന്നിരിക്കുന്ന സമയത്താണെങ്കിൽ വളരെ അക്രമകാരികളായിരിക്കും'' മാനിറ്റോബയിലെ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ നകാത പറയുന്നു. ഭാഗ്യം കൊണ്ടാണ് ഇതിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam