ടെഹ്‌റാനിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ഗോലെസ്ഥാൻ കൊട്ടാരം യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഖജർ കാലഘട്ടത്തിലെ വാസ്തുവിദ്യാ അത്ഭുതമായ ഈ കൊട്ടാരം പേർഷ്യൻ രാജകീയ പൈതൃകത്തിന്‍റെ നിർണായക പ്രതീകമായിരുന്നു.

റാന്‍റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം. എന്നാലിന്ന് യുഎസ് - ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു. ടെഹ്‌റാനിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗോലെസ്ഥാൻ കൊട്ടാരത്തിന് കാര്യമായ കേടുപാടു സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം തെക്കൻ ടെഹ്‌റാനിലെ അരഗ് സ്‌ക്വയറിൽ യുഎസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന്, ഗോലെസ്ഥാൻ കൊട്ടാരത്തിന്‍റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ഐഎസ്‌എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരുകാലത്ത് ഖജർ കാലഘട്ടത്തിലെ വാസ്തുവിദ്യാ അത്ഭുതമായി നിലനിന്നിരുന്ന ആ കൊട്ടാരം ഇന്ന് തകർന്ന നിലയിലാണ്.

പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുള്ള കൊട്ടാരമായ ഗോലെസ്ഥാൻ, പേർഷ്യൻ രാജകീയ പൈതൃകത്തിന്‍റെ ഒരു നിർണായക സ്ഥാമാണ്. ഖജർ രാജവംശത്തിന്‍റെയും തുടർന്ന് പഹ്‌ലവി രാജവംശത്തിന്‍റെയും ശക്തമായ സ്വാധീനം ഈ കൊട്ടാരത്തിൽ ഇന്നും പ്രതിഫലിക്കുന്നു. ഓരോ കാലത്തും ഭരിച്ച രാജകുടുംബത്തിന്‍റെ വസതിയായിരുന്നു ഇത്. കൊട്ടാരത്തിലെ എട്ട് പ്രധാന ഘടനകൾ ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുകയായിരുന്നു. പേർഷ്യൻ കലകളുമായി ഇഴചേർന്ന യൂറോപ്യൻ രൂപങ്ങളുടെയും ശൈലികളുടെയും കാഴ്ചകളും ഇവിടെ കാണാം. ഭരണകുടുംബത്തിന്‍റെ വസതി എന്നതിനപ്പുറം, ഖജാരി കലകളുടെയും വാസ്തുവിദ്യയുടെയും സാംസ്കാരിക കേന്ദ്രമായും ഈ കൊട്ടാരം നിലനിന്നു.

Scroll to load tweet…

ഗോലെസ്ഥാൻ കൊട്ടാര ചരിത്രം

സഫാവിദ് ഇറാനിലെ രണ്ടാമത്തെ ഷാ ആയിരുന്ന തഹ്മാസ്പ് ഒന്നാമന്‍റെ ഭരണകാലത്താണ് ടെഹ്‌റാൻ കോട്ട നിർമ്മിച്ചതെന്ന് കരുതുന്നു. പിന്നീട്, ഇറാനിലെ അഞ്ചാമത്തെ സഫാവിദ് ഷാ ആയിരുന്ന മഹാനായ അബ്ബാസ്, വടക്കൻ ഭാഗത്തെ മതിലിനോട് ചേർന്ന് ഒരു വലിയ പൂന്തോട്ടം നിർമ്മിച്ചു. പിന്നാലെ കൂറ്റൻ ചുറ്റുമതിലിനുളളിലായി ഇതെല്ലാം. കൂറ്റൻ കെട്ടിടങ്ങളും ഉയർന്നു. സാൻഡ് രാജവംശത്തിലെ (1750-1797) കരീം ഖാൻ ഈ കൊട്ടാരം പുതുക്കിപ്പണിതതായി റിപ്പോർട്ടുണ്ട്. ഖജാറുകൾ ടെഹ്‌റാൻ തങ്ങളുടെ രാജവംശത്തിന്‍റെ തലസ്ഥാനമായി തെരഞ്ഞെടുത്തപ്പോൾ (1794-1925) ഇത് അവരുടെ ഔദ്യോഗിക വസതിയായി മാറി. 1865-ലാണ് ഹാജി അബുൽ ഹസൻ മിമർ നവായി ഇന്നത്തെ രൂപത്തിലേക്ക് കൊട്ടാരം പുനർനിർമ്മിച്ചത്.

Scroll to load tweet…

പഹ്‌ലവി കാലഘട്ടത്തിൽ (1925-1979), ഗോലെസ്ഥാൻ കൊട്ടാരം ഔപചാരിക സ്വീകരണങ്ങൾക്കുള്ള വേദിയായി മാറി. അവർ മറ്റ് കൊട്ടാരങ്ങളും നിർമ്മിച്ചു. എന്നാൽ 1926-ൽ റെസ ഷായുടെ കിരീടധാരണം, 1967-ൽ മുഹമ്മദ് റെസ ഷാ, ഷഹ്ബാനു ഫറാ എന്നിവരുടെ കിരീടധാരണം പോലുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ ഗോലെസ്ഥാൻ കൊട്ടാരത്തിലാണ് നടന്നത്. 1925 -നും 1945 -നും ഇടയിൽ, സമുച്ചയത്തിലെ കോട്ടയുടെ ഒരു വലിയ ഭാഗം ആധുനിക ടെഹ്‌റാന്‍റെ വളർച്ചയ്ക്ക് തടസ്സമാണെന്ന് ആരോപിച്ച് മുഹമ്മദ് റെസ ഷാ ഇടിച്ച് നിരത്തി. 1950 കളിലും 1960 കളിലും പഴയ നിർമ്മിതികൾ വീണ്ടും പുതുക്കി പണിതു.

ഗോലെസ്ഥാൻ കൊട്ടാരത്തിൽ മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ, ഹാളുകൾ എന്നിവയുൾപ്പെടെ 17 ഘടനകൾ ഉണ്ടായിരുന്നു. ഖജാറുകളുടെ 131 വർഷത്തെ ഭരണകാലത്താണ് കോട്ടയുടെ ഭൂരിഭാഗവും നിർമ്മിച്ചത്. കിരീടധാരണം, ആഘോഷങ്ങൾ തുടങ്ങിയ പ്രധാന പരിപാടികൾക്കായി രാജകുടുംബം ഉപയോഗിച്ചിരുന്ന പ്രധാന കെട്ടിടമായിരുന്നു ഇത്. വ്യോമാക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിനുമുമ്പ്, അതിൽ കൈയെഴുത്തുപ്രതികളുടെ ഒരു ലൈബ്രറി, ഒരു ഫോട്ടോഗ്രാഫിക് ആർക്കൈവ്, രേഖകളുടെ ഒരു ആർക്കൈവ് എന്നിവ ഉണ്ടായിരുന്നു.

Scroll to load tweet…

അമൂല്യമായവ

മാർബിൾ സിംഹാസനം - 1747-1751 കാലഘട്ടത്തിൽ നിർമ്മിച്ച മാർബിൾ കല്ലുകൊണ്ട് നിർമ്മിച്ച ഒരു സിംഹാസനമായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം.

കരിം ഖാനി നൂക്ക് - സാൻഡ് രാജവംശത്തിലെ കരിം ഖാന്‍റെ ഉൾവശ വസതിയുടെ ഭാഗമായിരുന്നു ഇത്.

കുളപ്പുര - ഖജർ കാലഘട്ടത്തിൽ ഇത് ഒരു വേനൽക്കാല അറയായി ഉപയോഗിച്ചിരുന്നു.

ബ്രില്യന്‍റ് ഹാൾ - നാസർ എഡ് ദിൻ ഷായാണ് ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്, അയേനെ-കാരി എന്നറിയപ്പെടുന്ന ഇറാനിയൻ കണ്ണാടി പണികൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

കണ്ടെയ്‌നേഴ്‌സ് ഹാൾ - ഐവറി ഹാളിന്‍റെ വടക്ക് ഭാഗത്തുള്ള നരേൻജെസ്ഥാൻ കെട്ടിടത്തിന് പകരമായി ഇത് നിർമ്മിച്ചു.

ഐവറി ഹാൾ - ഇത് ഡൈനിംഗ് ഹാളായി ഉപയോഗിച്ചിരുന്നു, യൂറോപ്യൻ രാജാക്കന്മാർ നാസർ എഡ് ദിൻ ഷായ്ക്ക് സമ്മാനിച്ച സമ്മാനങ്ങൾ കൊണ്ട് ഈ ഭാഗം അലങ്കരിച്ചിരുന്നു.

മിറർ ഹാൾ - ഹാജ് അബ്ദുൽ ഹൊസൈൻ രൂപകൽപ്പന ചെയ്ത ഒരു ചെറിയ ഹാൾ ആയിരുന്നു അത്.

സലാം ഹാൾ - ദില്ലിയിൽ നിന്നും നാദിർ ഷാ കൊള്ളയടിച്ച മയൂരസിംഹാസനം സൂക്ഷിച്ചിരുന്നതു ഇവിടെയാണ്.

ഡയമണ്ട് ഹാൾ - ഫത്ത് അലി ഷാ നിർമ്മിച്ച ഇത് അസാധാരണമായ കണ്ണാടി പണിയുടെ പ്രതീകമായി നിലകൊള്ളുകയും വജ്രം പോലുള്ള കമാനാകൃതിയിലുള്ള മേൽത്തട്ടുകൾക്ക് പേരുകേട്ടതുമാണ്.

വിൻഡ്‌കാച്ചർ മാൻഷൻ - ഫത്ത്-അലി ഷാ ഖജറിന്റെ കീഴിൽ നിർമ്മിച്ച ഇത് വേനൽക്കാല വസതിയായി ഉപയോഗിച്ചു.

സൂര്യന്റെ മന്ദിരം - ഖജർ കാലഘട്ടത്തിലെ അഞ്ച് നിലകളുള്ള ഒരു ഗോപുരമായിരുന്നു ഇത്, കമാനാകൃതിയിലുള്ളതും സമാനമായതും ടൈൽ ചെയ്തതുമായ രണ്ട് ഗോപുരങ്ങളോടെയാണ് ഇത് നിർമ്മിച്ചത്.

അബ്യാസ് കൊട്ടാരം - 1883 ൽ പൂർത്തീകരിച്ച ഇവിടെ ഒട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ള സമ്മാനങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

ഫോട്ടോഗ്രാഫിക് ആർക്കൈവ് - പത്തൊൻപതാം നൂറ്റാണ്ടിലെ കൊട്ടാരത്തിന്‍റെ ആദ്യകാല ഫോട്ടോഗ്രാഫിക് ശേഖരം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കൊട്ടാരത്തിലെ രാജകുടുംബങ്ങൾക്കിടയിൽ ഫോട്ടോഗ്രാഫി സാധാരണമായിരുന്നുവെന്ന് അതിൽ പരാമർശിച്ചിരുന്നു.

പുതിയ കാലത്തെ ഇറാന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ പര്യായമാണ് ഗോലെസ്ഥാൻ കൊട്ടാരം. 1974 ലെ 5,000 ഇറാനിയൻ റിയാലിന്‍റെ ബാങ്ക് നോട്ടിൽ കൊട്ടാരം ആലേഖനം ചെയ്തിരുന്നു.

Scroll to load tweet…

പൈതൃക സ്ഥലം

ഗോലെസ്ഥാൻ കൊട്ടാരത്തിനുണ്ടായ നാശനഷ്ടങ്ങളിൽ യുനെസ്കോ ആശങ്ക പ്രകടിപ്പിച്ചു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായതിനാൽ, മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ അതിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് സംഘടന സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. "യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ടെഹ്‌റാനിലെ ഗോലെസ്ഥാൻ കൊട്ടാരം, ഇറാനിയൻ തലസ്ഥാനത്തെ സ്ഥലത്തിന്‍റെ ബഫർ സോണിൽ സ്ഥിതി ചെയ്യുന്ന ആരാഗ് സ്‌ക്വയറിൽ നടന്ന വ്യോമാക്രമണത്തെത്തുടർന്ന് അവശിഷ്ടങ്ങളും ഷോക്ക് വേവും മൂലം തകർന്നതായി റിപ്പോർട്ടുണ്ട്," കൊട്ടാരത്തിനുണ്ടായ നാശനഷ്ടങ്ങൾ സ്ഥിരീകരിച്ച് കൊണ്ട് യുനെസ്കോ കുറിച്ചു.