
മാഞ്ചസ്റ്റർ: ബ്രിട്ടണെ നടുക്കി മാഞ്ചസ്റ്ററിൽ ജൂതരുടെ പുണ്യദിനത്തിൽ സിനഗോഗിന് മുന്നിൽ ആക്രമണം. മാഞ്ചസ്റ്ററിലെ മിഡിൽടൺ റോഡിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിന് മുന്നിലാണ് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിന് നേരെ അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് അതീവ ഗുരുതരമായി പരുക്കേറ്റെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയെ വെടിവച്ച് വീഴ്ത്തിയെന്ന് പൊലീസ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇയാൾ കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ചാണ് അക്രമി, ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂർ ദിനത്തിലെ ആക്രമണമായതിനാൽ ഭീകരാക്രമണമെന്ന സംശയത്തിലാണ് പൊലീസ്.
ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം ഇയാൾ സിനഗോഗിന് പുറത്ത് നിന്നിരുന്നവർക്ക് നേരെ കത്തികൊണ്ടും ആക്രമണം നടത്തിയകായാണ് വിവരം. ഈ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുന്നു. കത്തികൊണ്ടുള്ള ആക്രമണം തുടരുന്നതിനിടെയാണ് പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന് വ്യക്തമാകയതോടെ സ്ഥലത്ത് ബോംബ് നിർവീര്യമാക്കൽ യൂണിറ്റടക്കം എത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശം ഇതുവരെ വ്യക്തമല്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് യു കെയിലെ എല്ലാ സിനഗോഗുകളിലും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ചിത്രമടക്കം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഭീകരാക്രമണമാണെന്ന സംശയമാണ് പൊതുവെ ഉയരുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാർ ഇടിച്ച് പരിക്കേറ്റവരും കുത്തേറ്റവരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആക്രമണത്തെ ശക്തമായി അപലപിച്ചു. 'യോം കിപ്പൂർ ദിനത്തിൽ ഇത്തരമൊരു ആക്രമണം നടന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു കെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശിച്ചതായും സ്റ്റാർമർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഡെന്മാർക്ക് സന്ദർശനം സ്റ്റാർമർ അവസാനിപ്പിച്ചു. യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയവും തന്ത്രപരവുമായ ചർച്ചകൾക്കായുള്ള യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് യു കെ പ്രധാനമന്ത്രി, മാഞ്ചസ്റ്റർ ആക്രമണം അറിഞ്ഞത്. ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നിന്ന് ഉടൻ തന്നെ മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി യു കെയിലേക്ക് മടങ്ങിയെത്തിയ ശേഷം, ദേശീയ അടിയന്തര സാഹചര്യങ്ങളിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കാറുള്ള അടിയന്തര യോഗമായ കോബ്രാ മീറ്റിംഗിൽ വിളിച്ചുചേർക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam