47,000 പന്നികളെ അറുത്തു: ചോരപ്പുഴയായി ഒരു നദി

By Web TeamFirst Published Nov 14, 2019, 2:42 PM IST
Highlights

ചുവന്നൊഴുകുന്നതിന്റെ ഫോട്ടോഗ്രാഫുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ  പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ വലിയ വിവാദമായിട്ടുണ്ട്. 

സിയോൾ: പതിനായിരക്കണക്കിന് പന്നികളെ വെട്ടിയപ്പോൾ ചോരപ്പുഴയായി ദക്ഷിണകൊറിയയിലെ ഇംജിൻ നദി. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ ഉത്തര കൊറിയ അതിര്‍ത്തിയിലെ ഇംജിന്‍ നദിക്ക് സമീപം പന്നികളെ കൂട്ടത്തോടെ വെട്ടിയത്. ഇവയുടെ കൂട്ടിയിട്ട അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര കനത്ത മഴയെത്തുടര്‍ന്ന് ഒഴുകി പുഴയില്‍ പതിക്കുകയയായിരുന്നു.

ഇംജിന്‍ നദി ചുവന്നൊഴുകുന്നതിന്‍റെ ഫോട്ടോഗ്രാഫുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ  പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ സംഭവം വിവാദമായി. സ്വിന്‍ ഫ്‌ളൂ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യോണ്‍ ചെന്‍ കൗണ്ടിയില്‍ ആയിരുന്നു പന്നികളെ കൂട്ടത്തോടെ കൊന്നത്. ഒറ്റദിവസം 47,000 പന്നികളെയാണ് അറുത്തത് എന്നാണ് റിപ്പോര്‍ട്ട്. 

അറുന്ന പന്നികളുടെ തോലും മറ്റ് അവശിഷ്ടങ്ങളും മറവുചെയ്യാന്‍ പ്‌ളാസ്റ്റിക് കണ്ടെയ്‌നറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപകമായി ഇവ കരയില്‍ ഉപേക്ഷിച്ചു. അതിര്‍ത്തി സൈനിക വിഭാഗത്തിന്‍റെ കാര്‍പാര്‍ക്കിംഗ് മേഖലയിലും  മറ്റുമാണ് മാംസവും തോലും ഉപേക്ഷിച്ചത്. പിന്നാലെ ഇവിടെ ശക്തമായി മഴ പെയ്യുകയും ചെയ്തതോടെ മാംസ പിണ്ഡങ്ങളില്‍  രക്തം പുഴയിലെത്തി. 

കഴിഞ്ഞ സെപ്തംബറില്‍ സ്വിന്‍ഫ്‌ളൂ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങളില്‍ ഒന്നായിരുന്നു യോഞ്ചിയോന്‍. എന്നാല്‍ നദി പന്നിവെട്ടുമൂലം ചുവന്നു എന്ന വാര്‍ത്ത ശരിയാണെന്ന് പറയാന്‍ കൊറിയന്‍ കാര്‍ഷിക മന്ത്രി തയ്യാറായിട്ടില്ല. ഇത്തരം പന്നിവെട്ട് മൂലം ഉണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് കാര്‍ഷിക മന്ത്രാലയം പറയുന്നത്. നദിയിലെ വെള്ളം സമീപത്തെ കര്‍ഷകരും മറ്റും താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തുന്നത് അസുഖവും അണുബാധയും ഉണ്ടാകാന്‍ കാരണമാകുമെന്ന ആശങ്കയും കൃഷിമന്ത്രി തള്ളി.  

അതേസമയം മാംസാവശിഷ്ടങ്ങള്‍ ശരിയായ വിധമാണോ സംസ്‌ക്കരിച്ചത് എന്ന പരിശോധന നടത്തുമെന്ന് മന്ത്രി പറയുന്നു. അതേസമയം ചോര വീണ പുഴ ഒഴുകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ് എന്നത് ഇവിടെ താമസിക്കുന്നവര്‍ക്ക് ഉത്ക്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്. 

നേരത്തേ സ്വിന്‍ഫ്‌ളൂ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 380,000 പന്നികളെയാണ് വെട്ടിയത്. പന്നികളില്‍ രോഗം മോശമായ രീതിയില്‍ പടര്‍ന്നിരുന്നു. അതേസമയം രോഗം മനുഷ്യരിലേക്ക് പടര്‍ന്നിരുന്നില്ല എന്നാണ് അധികൃതര്‍ പറഞ്ഞത്. ഈ വര്‍ഷം വിയറ്റ്‌നാമില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഇതുവരെ  5.7 ദശലക്ഷം പന്നികളെയാണ് വെട്ടിയത്. ചൈനയില്‍ 2018 ല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1.2 ദശലക്ഷം പന്നികളെ കൊലപ്പെടുത്തിയിരുന്നു.

click me!