
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആൾക്കൂട്ടത്തിന് നേരെ അക്രമിസംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് മരണം. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫിലാഡൽഫിയയിലെ ആൾത്തിരക്കേറിയ സൗത്ത് സ്ട്രീറ്റിലേക്ക് കടന്നുവന്ന സായുധ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കൈത്തോക്കുകൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അക്രമികൾ ആരും തന്നെ പിടിക്കപ്പെട്ടിട്ടില്ല. സിസിടിവി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി ഫിലാഡൽഫിയ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ടെക്സസിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പില്‍ 18കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. പ്രതി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്കൂൾ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയായ സാൽവദോർ ഡാമോസ് ആണ് വെടി ഉതിർത്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം, പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്. മരണ നിരക്ക് ഉയർന്നേക്കുമെന്ന ആശങ്കയുമുണ്ട്. ഇതിനിടെ, തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു.
അതിന് ശേഷം ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലും വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam