
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. യുക്രൈന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള കടുത്ത തിരിച്ചടിയാണിതെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യ കീവിനെതിരെ 500 ഓളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇവയില്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു. എന്നാല്‍, ഇവയില്‍ 33 എണ്ണം നഗരത്തില്‍ പതിച്ചു.
ആക്രമണത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടതായും തൊണ്ണൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
കീവിലെ ഇരുപതിലധികം സ്ഥലങ്ങളില്‍ നാശനഷ്ടമുണ്ടായി. ഇതില്‍ ഭൂരിഭാഗവും സാധാരണ ജനങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളാണ്. ഒരു ആംബുലന്‍സ് സ്റ്റേഷന്‍, ഗവേഷണ സ്ഥാപനം, ഹോട്ടല്‍ എന്നിവയും തകര്‍ക്കപ്പെട്ടു. ഡാര്‍നിറ്റ്‌സ്‌കിയിലെ ഒരു ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു 15 വയസ്സുകാരിയും കുടുംബവും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ യുക്രൈന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഈ വ്യോമാക്രമണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. കഴിഞ്ഞ ദിവസവും റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിന് നേരെ യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam