ഇന്ന് മെയ് ഒന്ന്; പോരാട്ടങ്ങളുടെ സ്മരണ പുതുക്കി വീണ്ടും ഒരു തൊഴിലാളി ദിനം

By Web TeamFirst Published May 1, 2021, 9:09 AM IST
Highlights

അവകാശവും കർത്തവ്യവും രണ്ടല്ല എന്ന് ഓർമിപ്പിച്ച് വീണ്ടും സാർവദേശീയ തൊഴിലാളി ദിനമെത്തുമ്പോൾ ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. കൊവിഡിന്റെ ഒന്നാംവ്യാപനത്തിൽ തകർന്നടിഞ്ഞ തൊഴിൽ മേഖല തൊട്ടുപിന്നാലെയെത്തിയ രണ്ടാം തരംഗത്തിൽ ആടിയുലയുകയാണ്. കൊവിഡിനെ പിടിച്ചുകെട്ടാൻ ലോക്ഡൗൺ എന്ന അവസാന ആയുധം പുറത്തെടുക്കപ്പെടുമ്പോൾ ആശങ്കയിലാണ് ലോകം. 

തിരുവനന്തപുരം: ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. രൂക്ഷമായ കൊവിഡ് വ്യാപനം രാജ്യത്തെ തൊഴിലവസരങ്ങൾ വീണ്ടും കവർന്നെടുക്കുമോ എന്ന ആശങ്കൾക്കിടെയാണ് അവകാശ പോരാട്ടങ്ങളുടെ സ്മരണ പുതുക്കി വീണ്ടും ഒരു തൊഴിലാളി ദിനം എത്തുന്നത്.

അസംഘടിത തൊഴിലാളി മേഖലയിലെ ചൂഷണങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭം. 18ാം നൂറ്റാണ്ടിൽ ഷിക്കാഗോയിൽ തുടങ്ങി ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് ഊർജമായി മാറിയ ഒരു സമരം. അവകാശങ്ങളെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കിയ കൂട്ടായ്മ. ഇന്ന് നാം ആഘോഷിക്കുന്ന ലോക തൊഴിലാളി ദിനത്തിന്റെ തുടക്കം അവിടെയാണ്. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, മിച്ചമുള്ള 8 മണിക്കൂർ പഠനത്തിനും ജോലിക്കും അതായിരുന്നു അമേരിക്കയിലെ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യം. ക്രൂരമർദ്ദനങ്ങൾക്കും വെടിവയ്പ്പിനും മുന്നിൽ മുട്ടുമടക്കാത്ത ആ പോരാട്ട വീര്യമാണ് പിന്നീട് ലോക തൊഴിലാളി ദിനമായി ആദരിക്കപ്പെട്ടത്. 

അവകാശവും കർത്തവ്യവും രണ്ടല്ല എന്ന് ഓർമിപ്പിച്ച് വീണ്ടും സാർവദേശീയ തൊഴിലാളി ദിനമെത്തുമ്പോൾ ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. കൊവിഡിന്റെ ഒന്നാംവ്യാപനത്തിൽ തകർന്നടിഞ്ഞ തൊഴിൽ മേഖല തൊട്ടുപിന്നാലെയെത്തിയ രണ്ടാം തരംഗത്തിൽ ആടിയുലയുകയാണ്. കൊവിഡിനെ പിടിച്ചുകെട്ടാൻ ലോക്ഡൗൺ എന്ന അവസാന ആയുധം പുറത്തെടുക്കപ്പെടുമ്പോൾ ആശങ്കയിലാണ് ലോകം. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ പ്രതിമാസ കണക്കുകൾ പ്രകാരം രാജ്യത്തെ നഗര മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് മാർച്ച് മാസത്തിൽ 7.24 ശതമാനമാണ്. സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 19. 07 ശതമാനവും. പക്ഷേ, നമുക്ക് തളരാനാകില്ല, ഈ പോരാട്ടവും നാം ജയിക്കുക തന്നെ ചെയ്യും. എല്ലാവ‍ർക്കും തൊഴിലാളി ദിനാശംസകൾ,

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!