
പീട്രാകാറ്റെല്ല: ക്രിസ്തുമസ് ആഘോഷത്തിന് പിന്നാലെ മുൻമേയറുടെ ഭാര്യയും മകളും മരിച്ചതിന് പിന്നിൽ റിസിൻ എന്ന് കണ്ടെത്തൽ. പിന്നാലെ കൊലപാതക അന്വേഷണം ആരംഭിച്ച് പൊലീസ്. ഇറ്റലിയിലെ പീട്രാകാറ്റെല്ല നഗരത്തിൽ ഡിസംബറിൽ നടന്ന ക്രിസ്തുമസ് വിരുന്നിന് പിന്നാലെയാണ് മുൻ മേയറുടെ ഭാര്യ ആന്റൊണെല്ലാ ഡി ജെൽസിയും മകൾ സാറ ഡി വിറ്റയും അവശനിലയിലായത്. ഡിസംബർ 23ന് നടന്ന ക്രിസ്തുമസ് വിരുന്നിനിടെയായിരുന്നു ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം നേരിട്ടത്. ഗുരുതരമായ ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ ചികിത്സ നൽകി ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടു. ഇവർ കഴിച്ച കൂൺ, മത്സ്യം എന്നിവയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധയേറ്റതെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ ഡിസംബർ 24ഓടെ ഇരുവരുടേയും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 50കാരിയായ അമ്മയും 15കാരിയായ മകളും മരണപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനുമായിരുന്നില്ല. ഇതിന് ശേഷം സ്വിറ്റ്സർലണ്ടിലും ഇറ്റലിയിലുമായി നടത്തിയ തുടർ പരിശോധനയിലാണ് ഇരുവരുടേയും രക്തത്തിലെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ആവണക്കിന്റെ കായയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റിസിൻ എന്ന മാരക വിഷ വസ്തുവാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. പിന്നാലെയാണ് സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർക്കൊപ്പം മുൻ മേയറായ ജിയാനി ഡി വിറ്റയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ചികിത്സയിലൂടെ 55കാരന് പൂർണമായി സുഖപ്പെട്ടിരുന്നു. ദമ്പതികളുടെ 19കാരിയായ മകൾ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ 19കാരിക്കും വിഷബാധയേറ്റിരുന്നില്ല. പീട്രാകാറ്റെല്ലയുടെ മുൻ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവും ട്രഷററുമാണ് ജിയാനി ഡി വിറ്റ. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും മരണപ്പെട്ടവർക്കെതിരെ എതിർപ്പുകളുണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളാണ് നിലവിൽ അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടത്തിലെ വീഴ്ചയുടെ പേരിൽ അഞ്ച് ആരോഗ്യ വിദഗ്ധർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 70 കിലോ ഭാരമുള്ള മനുഷ്യനെ അപായപ്പെടുത്താൻ 14 മില്ലിഗ്രാം റിസിൻ മാത്രമാണ് വേണ്ടി വരുന്നതെന്നാണ് ഫാർമ വിദഗ്ധർ വിശദമാക്കുന്നത്. പരിസ്ഥിതിയിലുള്ള ഏറ്റവും മാരകമായ വിഷങ്ങളിലൊന്നാണ് റിസിൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam