എവറസ്റ്റ് കയറാനെത്തുന്ന വിനോദസഞ്ചാരികളെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം, നടക്കുന്നത് വൻ ഇൻഷുറൻസ് തട്ടിപ്പ്

Published : Apr 02, 2026, 10:24 AM IST
everest summit

Synopsis

വിനോദസഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്റർ ആംബുലൻസുകളിൽ കയറ്റുകയും തുടർന്ന് വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ചമച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി.

കാഠ്മണ്ഡു:എവറസ്റ്റ് കൊടുമുടിയിൽ വിനോദസഞ്ചാരികളെ ബോധപൂർവ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. വളരെ രഹസ്യമായി സഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയാണ് വൻ തുകയുടെ രക്ഷാപ്രവർത്തനത്തിനുള്ള അവസരം സൃഷ്ടിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 20 മില്യൺ ഡോളർ (ഏകദേശം 167 കോടി രൂപ)ന്റെ ഇൻഷുറൻസ് തട്ടിപ്പാണ് നടക്കുന്നത്. ആരോപണത്തിൽ ട്രെക്കിംഗ് കമ്പനി ഉടമകൾ അടക്കം 32 പേർക്കെതിരെ നേപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻഷുറൻസ് തട്ടിപ്പിനായി എവറസ്റ്റ് ഗൈഡുകൾ വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ ബേക്കിംഗ് സോഡ കലർത്തി അവരെ അസുഖബാധിതരാക്കുന്നുവെന്നാണ് ആരോപണം. ബേക്കിംഗ് സോഡ കഴിക്കുന്നത് വഴി വിനോദസഞ്ചാരികൾക്ക് കഠിനമായ ദഹനപ്രശ്നങ്ങളും വയറുവേദനയും അനുഭവപ്പെടും. ഇത് ഉയർന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂഡ് സിക്നസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വൻതുക ഈടാക്കുന്ന ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

32 പേർക്കെതിരെ കുറ്റപത്രം

ട്രെക്കിംഗ് ഏജൻസി ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, ആശുപത്രി എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങുന്ന 32 പേർക്കെതിരെ നേപ്പാൾ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിനോദസഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്റർ ആംബുലൻസുകളിൽ കയറ്റുകയും തുടർന്ന് വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ചമച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി.

ജനുവരി മുതൽ നടന്ന അന്വേഷണത്തിൽ മൂന്ന് പ്രമുഖ മൗണ്ടൻ റെസ്ക്യൂ കമ്പനികളിലെ ആറ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കമ്പനി മാത്രം നടത്തിയ 1248 രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചതിനെത്തുടർന്ന് പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെ ട്രെക്കിംഗ് സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് നിർത്തിവെച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പത്തുലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകുന്ന നേപ്പാളിലെ ടൂറിസം മേഖലയിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തട്ടിപ്പുകൾ വർദ്ധിച്ച സാഹചര്യത്തിൽ പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അടുത്തിടെ നിർത്തിവെച്ചിരുന്നു.

അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് 2018ൽ നേപ്പാൾ സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നു. യാത്രയിലുടനീളം സഞ്ചാരികളുടെ ഉത്തരവാദിത്തം ടൂർ ഓപ്പറേറ്റർമാർക്കായിരിക്കുമെന്നും രക്ഷാപ്രവർത്തനത്തിന്റെയും ചികിത്സയുടെയും വിവരങ്ങൾ ടൂറിസം വകുപ്പിന് സമർപ്പിക്കണമെന്നും ഇതിൽ വ്യവസ്ഥ ചെയ്തിരുന്നു. എങ്കിലും, കുറ്റവാളികൾക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഇല്ലാത്തതിനാലാണ് ഈ തട്ടിപ്പ് ഇന്നും തുടരുന്നതെന്ന് നേപ്പാളിലെ സംഘടിത കുറ്റകൃത്യ അന്വേഷണ വിഭാഗം മേധാവി മനോജ് കുമാർ കെ.സി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
ഇറാൻ യുദ്ധം, വിഷാദരോഗികളായ യുഎസ് സൈനികർ, സൈനിക രഹസ്യം വിളിച്ച് പറയുന്നെന്ന് ബാർ നർത്തകി; വീഡിയോ