പാളത്തില്‍ നിന്ന് നിലത്തേക്ക് പതിച്ച മെട്രോ ട്രെയിന്‍ താങ്ങിയത് 'തിമിംഗലത്തിന്‍റെ വാല്‍'

By Web TeamFirst Published Nov 4, 2020, 2:35 PM IST
Highlights

റോട്ടര്‍ഡാം സിറ്റിയ്ക്ക് സമീപമുള്ള സ്പൈക്കെന്‍സിയിലാണ് സംഭവം. ട്രാക്കുകള്‍ അവസാനിച്ച ശേഷമുള്ള ബാരിയറും തകര്‍ത്താണ് ട്രെയിന്‍ നിലത്തേക്ക് വീണത്. വെള്ളത്തിലേത്ത് കൂപ്പ് കുത്തി വീഴുമായിരുന്ന ട്രെയിന്‍ ഇവിടെയുണ്ടായിരുന്ന പ്രതിമയിലേക്ക് വീണതോടെയാണ് വന്‍ അപകടം ഒഴിവായത്

നെതര്‍ലാന്‍ഡ്സ്: പാളം തെറ്റിയ നിലത്തേക്ക് പതിച്ച മെട്രോ ട്രെയിനിനെ രക്ഷിച്ചത് 'തിമിംഗലത്തിന്‍റെ വാല്‍'. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ട്രാക്കില്‍ ജീവിതത്തിന്‍റെ ട്രാക്കിലേക്ക് നെതര്‍ലന്‍ഡിലെ ലോക്കോ പൈലറ്റിനെ എത്തിച്ചത് തിമിംഗലത്തിന്‍റെ വാലിന്‍റെ രൂപത്തിലുള്ള നിര്‍മ്മിതി. ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. 

റോട്ടര്‍ഡാം സിറ്റിയ്ക്ക് സമീപമുള്ള സ്പൈക്കെന്‍സിയിലാണ് സംഭവം. ട്രാക്കുകള്‍ അവസാനിച്ച ശേഷമുള്ള ബാരിയറും തകര്‍ത്താണ് ട്രെയിന്‍ പാലത്തില്‍ നിന്ന് നിലത്തേക്ക് വീണത്. വെള്ളത്തിലേത്ത് കൂപ്പ് കുത്തി വീഴുമായിരുന്ന ട്രെയിന്‍ ഇവിടെയുണ്ടായിരുന്ന പ്രതിമയിലേക്ക് വീണതോടെയാണ് വന്‍ അപകടം ഒഴിവായതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അത്ഭുതമെന്ന് മാത്രമേ സംഭവത്തേക്കുറിച്ച് പറയാന്‍ സാധിക്കൂവെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. പാളത്തില്‍ നിന്ന് താഴെ വീണെങ്കിലും പ്രതിമയില്‍ പരിക്കുകളോ കേടുപാടുകളോ ഇല്ലാതെയാണ് ട്രെയിന്‍ നില്‍ക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ച് തിമിംഗല വാലില്‍ നിന്ന് ട്രെയിനിനെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് വിദഗ്ധരുള്ളത്. മാര്‍ട്ടെന്‍ സ്ട്രൂജിസ് എന്ന ആര്‍ക്കിടെക്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. തന്‍റെ നിര്‍മ്മിതി ജീവന്‍ രക്ഷിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഡച്ച് മാധ്യമങ്ങളോട് മാര്‍ട്ടെന്‍ വിശദമാക്കിയത്. 

ആ പ്രതിമ ഇത്ര ശക്തിയുള്ളതാണ് എന്നറിഞ്ഞതില്‍ അത്ഭുതമുണ്ടെന്നാണ് മാര്‍ട്ടെന്‍ പറയുന്നത്. ലോക്കോപൈലറ്റിനും അപകടം സംഭവിച്ചിട്ടില്ലെന്നതാണ് സന്തോഷകരമായ വസ്തുത. സംഭവത്തില്‍ അന്വേഷണം തുടങ്ങി. എങ്ങനെയാണ് ബാരിയറിന് അപ്പുറത്തേക്ക് ട്രെയിന്‍ നീങ്ങിയതെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  
 

click me!