
മനുഷ്യക്കടത്തിന്‍റെ നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. ഡ്രൈവർ ഇല്ലാതിരുന്ന ഒരു കണ്ടൈനർ കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ മനുഷ്യക്കടത്ത് പിടിയിലായത്. കുട്ടികളടക്കം 343 പേരെയാണ് രക്ഷിച്ചത്. മെക്സിക്കോയിൽ കണ്ടൈനറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയെന്ന് മെക്സിക്കൻ പൊലീസ് തന്നെയാണ് അറിയിച്ചത്. ഇതിൽ 103 പേർ കുട്ടികളാണെന്നും മെക്സിക്കോ പൊലീസ് വിശദീകരിച്ചു.
അമേരിക്കൻ അതിർത്തിയോട് ചേർന്ന് സ്ഥലത്ത് നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടൈനർ കണ്ടെത്തിയത്. ഈ കണ്ടൈനറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കണ്ടൈനറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അമേരിക്കയിലേക്ക് മനുഷ്യരെ കടത്തുന്ന വൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും മെക്സിക്കോ പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്‍റെ വീഡിയോ കാണാം
അതേസമയം ലോകത്തെ നടുക്കുന്ന മറ്റൊരു വാർത്തയാണ് ബംഗ്ലദേശിൽ നിന്നും പുറത്തുവന്നത്. ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിൽ വൻ സ്ഫോടനം നടന്നെന്നും ഇവിടെ പതിനാറ് പേർ കൊല്ലപ്പെട്ടു എന്നുമാണ് റിപ്പോർട്ടുകൾ. ധാക്കയിലെ നിരക്കേറിയ വാണിജ്യ കേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്. ഏഴു നില കെട്ടിടത്തിലെ പൊട്ടിത്തെറിയിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. നൂറ്റി അമ്പതോളം പേർക്ക് പരിക്കേറ്റു എന്നും റിപ്പോർട്ടുകളുണ്ട്. പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഴു നില കെട്ടിടത്തിലെ താഴത്തെ നിലയിൽ സാനിറ്ററി കടയും മുകൾ നിലകകളിൽ ഒരു ബാങ്കിന്റെ ഓഫീസുമാണ് പ്രവർത്തിക്കുന്നത്. രണ്ടാം നലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. ആസൂത്രിതമായ ആക്രമണമല്ലെന്നും അപകടമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. കഴിഞ്ഞ ദിവസം ചിറ്റഗോംങിലെ ഓക്സിജൻ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. സമാനമായ അപകടം ധാക്കയിലും നടന്നു. ഇതിന് പിറകെയാണ് ഇന്നത്തെ വൻ സ്ഫോടനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam