
വാഷിംഗ്ടണ്‍: ചൈനയിലെ ഉയ്ഗർ മുസ്ലിമുകള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ. റോബ് സ്മിറ്റുമായി നടത്തിയ വേക്ക് അപ് അമേരിക്ക എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ പോംപിയോ. 1930 കാലഘട്ടങ്ങളില്‍ ജര്‍മ്മനിയിലെ നാസി ഭരണകാലത്തിന് സമാനമായ സാഹചര്യമാണ് ചൈനയില്‍ ഉയ്ഗര്‍ മുസ്ലിമുകള്‍ നേരിടുന്നത്. കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് ഉയ്ഗര്‍ മുസ്ലിമുകളെ ക്യാംപുകളിലൂടെ ക്രൂരമായി പീഡിപ്പിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
'റീ-എജുക്കേഷൻ' അഥവാ 'പുനർ വിദ്യാഭ്യാസ' ക്യാമ്പുകളിൽ ഉയ്ഗര്‍ മുസ്ലിമുകളെ വെള്ളിയാഴ്ചകളില്‍ പന്നി മാംസം കഴിപ്പിച്ചതായി ക്യാംപുകളില്‍ നിന്ന് പുറത്ത് വന്നവര്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് സാഹചര്യത്തെ ഉയ്ഗര്‍ മുസ്ലിമുകളെ അടിച്ചമര്‍ത്താനുള്ള അവസരമായാണ് ചൈന ഉപയോഗിച്ചതെന്നും പോംപിയോ പറയുന്നു. മതസ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അഭിമാനമുണ്ടെന്ന് പോംപിയോ പറയുന്നു. മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുമെന്നാണ് പോംപിയോയുടെ നിരീക്ഷണം. കൊവിഡ് കാലം ചൂണ്ടിക്കാണിച്ച് ആരാധനാലയങ്ങള്‍ അടച്ചിടുകയും ബാറും കാസിനോയും തുറന്ന് നല്‍കുകയും ചെയ്യുന്ന തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും പോംപിയോ പറയുന്നു.
ചൈനയുടെ പടിഞ്ഞാറേ പ്രവിശ്യയായ ഷിൻജാങ്ങിൽ കഴിയുന്ന ഉയ്ഗർ മുസ്ലിങ്ങളെ ചൈനീസ് സംസ്കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനാണ് ഭൂരിഭാഗം വരുന്ന ഹാൻ ചൈനീസ് ഗവണ്മെന്റ് ഈ ക്യാമ്പുകൾ നടത്തുന്നത്. പേര് ക്യാമ്പ് എന്നും വിദ്യാഭ്യാസം എന്നുമൊക്കെ ആണെങ്കിലും, അവ അടിസ്ഥാനപരമായി ജയിൽ സ്വഭാവം പേറുന്നവയാണ് എന്നാണ് ആക്ഷേപം. ക്യാമ്പുകളിൽ പന്നിയിറച്ചി തീറ്റിക്കുന്നതിനു പുറമെ, ഉയ്ഗർ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ഷിൻജാങ്ങ് പ്രവിശ്യയിൽ നിരവധി പന്നി ഫാമുകൾ തുടങ്ങാനുള്ള ബോധപൂർവമുള്ള നീക്കങ്ങളും ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട് എന്നും പ്രദേശത്തെ ഉയ്ഗർ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam