
ഉറുവാപ്പൻ: സകല മരിച്ചവരുടേയും ഓർമ്മദിനത്തിൽ മെക്സിക്കോയിലെ മെക്കോക്കാനിലെ മേയറെ വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതൻ. മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മെക്കോക്കാനിലെ ഉറുവാപ്പനിൽ പ്ലാസയിൽ മരിച്ചവരുടെ ഓർമ്മ ദിനാഘോഷത്തിനായി ഒത്തുകൂടിയ നൂറ് കണക്കിന് ആളുകളുടെ മുന്നിൽ വച്ചാണ് അജ്ഞാതൻ മേയറായ കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസിനെ വെടിവച്ച് കൊന്നത്. അക്രമി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയേ തുടർന്നുള്ള സംഭവമെന്നാണ് വെടിവയ്പിനേക്കുറിച്ച് പൊലീസ് വിലയിരുത്തുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാർ ഇത്തരത്തിൽ ആദ്യമായല്ല മെക്സിക്കോയിൽ ആക്രമിക്കപ്പെടുന്നത്. ശനിയാഴ്ച രാത്രിയിലാണ് വെടിവയ്പുണ്ടായത്. മെക്കോക്കാനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഉറുവാപ്പൻ. ഏഴിലേറെ ബുള്ളറ്റുകളാണ് അക്രമി കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസിനെതിരെ ഉതിർത്തത്. ലഹരി സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിച്ചിരുന്ന വ്യക്തിയാണ് കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസ്.
വെടിവയ്പിൽ സിറ്റി കൗൺസിൽ അംഗവും മേയറുടെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റിട്ടുണ്ട്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടേതാണ് ആക്രമണത്തിന് ഉപയോഗിച്ച തോക്ക് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ഏറ്റവും അക്രമം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മെക്കോക്കാൻ. ലഹരി കാർട്ടലുകളും ക്രിമിനൽ സംഘങ്ങളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന ഏറ്റുമുട്ടലുകൾ ഈ മേഖലയിൽ പതിവാണ്. സ്വദേശികളും മെക്സിക്കോയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ സകല മരിച്ചവരുടേയും ഓർമ്മ ദിനം കാണാനെത്തിയവരുമായ നൂറ് കണക്കിന് ആളുകൾക്ക് മുന്നിൽ വച്ചാണ് അക്രമം നടന്നത്.
2024 ഡിസംബർ മുതൽ കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസിന് സുരക്ഷാ ഭീഷണി നേരിട്ടിരുന്നു. കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസ് അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടതോടെ മേയർക്കുള്ള സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര പോരാട്ടത്തിലൂടെയാണ് കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസ് മെക്കാക്കോൻ മേയറായത്. മെക്സിക്കൻ ബുകെലെ എന്ന പേരിലായിരുന്നു കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസ് അറിയപ്പെട്ടിരുന്നത്.