
അരിസോണ: ഇന്ത്യന്‍ ബാലിക അരിസോണയിലെ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റശ്രമത്തിനിടെയാണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാനായിരുന്നു പെണ്‍കുട്ടി ഉള്‍പ്പെട്ട സംഘത്തിന്റെ ശ്രമം.
ഗുര്‍പ്രീത് കൗര്‍ എന്ന ആറ് വയസ്സുകാരിയാണ് മരിച്ചതെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഗുര്‍പ്രീതിന്റെ അമ്മ ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്കൊപ്പം വെള്ളം തേടി പോയ സമയത്താണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. അരിസോണയിലെ ലൂക്വില്ലെയിലായിരുന്നു ഗുര്‍പ്രീതും സംഘവും. മനുഷ്യക്കടത്തുകാരാണ് ഇവരെ മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് നിഗമനം.ഗുര്‍പ്രീതിന്റെ മൃതശരീരം കണ്ടെത്തിയ സ്ഥലം അതീവ ദുര്‍ഘട മേഖലയിലാണ്.
അമേരിക്കന്‍ അതിര്‍ത്തിയില്‍ വച്ച് പിടിയിലായ രണ്ട് ഇന്ത്യന്‍ സ്‌ത്രീകളില്‍ നിന്നാണ് ഗുര്‍പ്രീതിന്റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്ത്യക്കാരായ രണ്ട് സ്‌ത്രീകളും ഒരു കുട്ടിയും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് ഇവര്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗുര്‍പ്രീതിന്റെ മൃതദേഹം അതിര്‍ത്തിയില്‍ നിന്ന് 17 മൈല്‍ അകലെ നിന്ന് ലഭിച്ചത്. ഗുര്‍പ്രീതിന്റെ അമ്മയെയും കൂടെയുണ്ടായിരുന്ന സ്‌ത്രീയെയും പട്രോളിംഗ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വര്‍ഷം മാത്രം 58 പേരാണ് അനധികൃത കുടിയേറ്റശ്രമത്തിനിടെ ഈ മേഖലയില്‍ വച്ച് മരിച്ചത്. 2018ല്‍ മരിച്ചവരുടെ എണ്ണം 127 ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam