
യോബ്: നൈജീരിയയിലെ യോബിൽ 37 പേരെ കൊലപ്പെടുത്തി ബോക്കോ ഹറാം തീവ്രവാദികൾ. പണപ്പിരിവ് നൽകാത്തതിന് ബോക്കോ ഹറാം കൊലപ്പെടുത്തിയ 17 പേരുടെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവർക്ക് നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. സമീപകാലത്തുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമെന്ന് പൊലീസ് വിശദമാക്കുന്നത്. നൈജീരിയയിലെ വടക്ക് കിഴക്കന്‍ മേഖലയിലാണ് യോബ്.
തിങ്കളാഴ്ചയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ 17 പേരെ വെടിവച്ച് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുക്കളുടെ വിയോഗത്തില്‍ ദുഖിതരായിരുന്ന ബന്ധുക്കളാണ് നിലവിലെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബന്ധുക്കൾ സഞ്ചരിച്ചിരുന്ന വാഹനം നിരത്തിൽ തീവ്രവാദികൾ സ്ഥാപിച്ച സ്ഫോടക വസ്തുക്കളില്‍ കയറി പൊട്ടിത്തെറിച്ചാണ് രണ്ടാമത്തെ ആക്രമണം നടന്നത്. സമീപത്തെ ബോർണോയിൽ നിന്നാണ് തീവ്രവാദികളെത്തിയതെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബോർണോയില്‍ സാധാരണക്കാർക്കെതിരെ ബോക്കോ ഹറാം തീവ്രവാദികൾ നിരന്തരമായി ആക്രമണം അഴിച്ച് വിട്ടിരുന്നു. ബോക്കോ ഹറാം തീവ്രവാദികളുടെ ഉത്ഭവ സ്ഥലമായി കണക്കാക്കുന്ന ബോർണോയിലൂടെ റോഡിലൂടെ യാത്ര ചെയ്യുന്നത് പോലും അപകടകരമായ ഒന്നാണ്. 2009ലാണ് ബോക്കോ ഹറാം കലാപം ആരംഭിച്ചത്. രണ്ട് മില്യണ്‍ ആളുകളാണ് ഇവരുടെ കലാപം മൂലം ബാധിക്കപ്പെട്ടത്. ബോൺ പ്രവിശ്യയിലെ ചിബോക് ഗവൺമെന്റ് സെക്കൻഡറി സ്‌കൂളിൽ നിന്ന് 200ല്‍ അധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് ബോക്കോ ഹറാം അന്തര്‍ ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയത്.
സ്ത്രീകളോടുള്ള ബൊക്കോ ഹറാമിന്റെ നിലപാട് വളരെ കുപ്രസിദ്ധമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണ് എന്ന കടുത്ത തീവ്രവാദനയമാണ് അവർ പിന്തുടരുന്നത്. പാശ്ചാത്യ വിദ്യാഭ്യാസവും വിലക്കപ്പെട്ട ഒന്നായാണ് ബോക്കോ ഹറാം തീവ്രവാദികള്‍ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam