
ദില്ലി: ഭരണ അട്ടിമറി നടന്നെങ്കിലും തങ്ങൾ ബംഗ്ലാദേശിൻ്റെ വഴിയിലല്ലെന്ന് വ്യക്തമാക്കി നേപ്പാൾ സർക്കാർ. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഭരണ അട്ടിമറിക്ക് ശേഷം നേപ്പാളിൽ രൂപീകരിച്ച പുതിയ സർക്കാരിൻ്റെ പ്രതിനിധിയുടെ ഇന്ത്യാ സന്ദർശനമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നൽകുന്നത്. നേപ്പാളിൽ പുതിയ ഊർജ-ജലവിഭവ വകുപ്പ് മന്ത്രി കുൽമാൻ ഗിസിങാണ് ഇന്ത്യ സന്ദർശിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ഒക്ടോബർ 27 മുതൽ 30 വരെയാണ് ഇദ്ദേഹം ഇന്ത്യയിൽ തങ്ങുക. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൻ്റെ സമ്മേളനത്തിലാണ് ഇദ്ദേഹം പങ്കെടുക്കുക. നേപ്പാളിൽ പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി സുശീല കർകിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ഒരു പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ്. കുൽമാൻ ഗിസിങിന് ഇന്ത്യ സന്ദർശിക്കാൻ നേപ്പാൾ മന്ത്രിസഭ അനുമതി നൽകി.
സമൂഹമാധ്യമങ്ങൾക്ക് പ്രവർത്തന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ നേപ്പാളിൽ തുടങ്ങിയ ജെൻസി പ്രക്ഷോഭമാണ് ഭരണം അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സമാനമായ നിലയിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരും ഭരണ അട്ടിമറിയിലൂടെ ജനകീയ പ്രതിഷേധത്തെ തുടർന്ന് പുറത്തുപോയിരുന്നു. അതിന് ശേഷം ഇവിടെ അധികാരത്തിലേറ്റ സർക്കാർ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാടുകൾ ലോകരാഷ്ട്രങ്ങളടക്കം ശ്രദ്ധിച്ചിരുന്നു. എന്നാൽ നേപ്പാൾ ഇന്ത്യയുമായുള്ള സൗഹൃദം അതേപടി നിലനിർത്താനാണ് ശ്രമിക്കുന്നതെന്ന് കുൽമാൻ ഗുസിങിൻ്റെ നിലപാട് വ്യക്തമാക്കുന്നു.