
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീറിനെ (78) ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വർഷത്തിനിടയിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. 11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും റിട്ടയേർഡ് ആർമി കേണലുമായ ഒലി അഹമ്മദിനെ തോൽപ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.
ചീഫ് ഇലക്ഷൻ കമ്മീഷണർ എ.എം.എം നസീർ ഉദ്ദീൻ പ്രഖ്യാപിച്ച ഫലമനുസരിച്ച് ആലംഗീറിന് 255 വോട്ടുകളും എതിർസ്ഥാനാർത്ഥിയായ ഒലി അഹമ്മദിന് 88 വോട്ടുകളും ലഭിച്ചു. ആരോഗ്യകാരണങ്ങളാൽ മുൻ പ്രസിഡന്റ് മുഹമ്മദ് സഹാബുദ്ദീൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1990-കളുടെ തുടക്കത്തിൽ ബി.എൻ.പിയിൽ ചേർന്ന ആലംഗീർ 2016 മുതൽ പാർട്ടിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അധ്യാപകനായി കരിയർ ആരംഭിച്ച അദ്ദേഹം ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖ ശബ്ദമായിരുന്നു അദ്ദേഹം. ഈ കാലയളവിൽ നിരവധി കേസുകളും അറസ്റ്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ അയൽക്കാരനും സുഹൃത്തുമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആലംഗീർ, ബംഗ്ലാദേശിന്റെ പരമാധികാരത്തെയും ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ഇന്ത്യ മാനിക്കണമെന്ന കർശന നിലപാടും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam