
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ 75ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. ന്യൂയോർക്കിലെ യുഎൻജിഎ ഹാളിലാണ് മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രക്ഷേപണം ചെയ്യുന്നത്. 75ാമത് യുഎൻ പൊതുസഭയിലെ ശനിയാഴ്ചയിലെ ആദ്യ പ്രഭാഷകൻ മോദിയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുൻഗണനയെക്കുറിച്ചും ഭീകരവാദത്തിനെതിരായ ആഗോള നടപടികളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മോദി പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം, എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചും കൊവിഡ് 19 ന് എതിരായ ആഗോള സഹകരണത്തിന് ഇന്ത്യ നൽകുന്ന സംഭാവനയെയും പ്രധാനമന്ത്രി പരാമർശിച്ചേക്കും. മഹാമാരിയുടെ സാഹചര്യത്തിൽ 150 ലധികം രാജ്യങ്ങൾക്ക് വേണ്ടി ആഗോള ഫാർമസിയായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ സ്ഥാനത്തെപ്പറ്റി പ്രധാനമന്ത്രി പരാമർശിക്കാനും ഇടയുണ്ട്.
'നമുക്ക് വേണ്ട ഭാവി, നമുക്ക് ആവശ്യമായ ഐക്യരാഷ്ട്ര സംഘടന, ബഹുസ്വരതയോടുള്ള ഒത്തൊരുമിച്ചുള്ള കടപ്പാട് - ഒത്തുചേര്‍ന്നുള്ള നടപടികളിലൂടെ കൊവിഡ് 19നെ നേരിടാം' എന്നതാണ് ഇത്തവണത്തെ യുഎൻ പൊതുസഭയുടെ വിഷയം. സെപ്റ്റംബർ 22 മുതൽ 29 വരെ നടക്കുന്ന ജനറൽ സംവാദത്തിൽ 119 രാഷ്ട്രത്തലവൻമാരും, 54 സർക്കാർ മേധാവികളും മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകൾ വഴി സംസാരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam