അമേരിക്കയുമായി ജനീവയിൽ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ സൈനികാഭ്യാസം നടത്തി. ഒമാൻ്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ജനീവയിൽ ചർച്ച നടത്തുന്നത്.

ടെഹ്റാൻ: അമേരിക്കയുമായി ആണവ ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെ ഇറാൻ്റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് ലോകരാജ്യങ്ങൾ. ഹോർമുസ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ട് സൈനികാഭ്യാസം നടത്തിയ ഇറാൻ, ഒരു ശക്തിക്കും കീഴടങ്ങില്ലെന്ന സന്ദേശമാണോ നൽകുന്നതെന്നാണ് ചോദ്യം. ആഗോള എണ്ണ വിപണിയുടെ ഒരു പ്രധാന ചരക്കുപാതയാണ് ഹോർമുസ് കടലിടുക്ക്. 

ജനീവയിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുന്നത്. ഒമാന്റെ മധ്യസ്ഥതയിൽ ഐക്യരാഷ്ട്രസഭയിലെ ഒമാനി അംബാസഡറുടെ വസതിയിലാണ് ചർച്ച. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനിൽ നിന്നുള്ളത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര പ്രതിനിധി സംഘം ഉണ്ടെങ്കിലും താൻ നേരിട്ടല്ലെങ്കിലും ചർച്ചയിൽ ഭാഗമാകുമെന്നാണ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.

ചർച്ച തുടങ്ങി മണിക്കൂറുകൾക്കകമാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ സൈനികാഭ്യാസം നടത്തിയത്. ഇറാനിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ഇതുവഴിയുള്ള ജലപാതയുടെ ചില ഭാഗങ്ങൾ താത്കാലികമായി അടച്ചിട്ടിരുന്നു.

ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്ക ആക്രമണം നടത്തിയാൽ ഹോർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകളുടെ സഞ്ചാരം തടയുമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ യുദ്ധമോ ഏറ്റുമുട്ടലോ ഉണ്ടാകരുതെന്ന നിലപാടിലാണ് ഒമാൻ അടക്കമുള്ള രാജ്യങ്ങൾ. ഇതാണ് ആണവ വിഷയത്തിൽ ഇറാനെയും അമേരിക്കയെയും ഒരു മേശയ്ക്ക് ഇരുപുറത്തേക്കുമായി എത്തിച്ചത്.