
ജൊഹന്നാസ്ബെർഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. കൂടിക്കാഴ്ച സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ചർച്ചയിൽ അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. കൂടാതെ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി പിൻമാറാൻ നിർദ്ദേശം നൽകുമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി. ഇന്ത്യ - ചൈന അതിർത്തി പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളിച്ചത്.
ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും അകലം പാലിച്ചതോടെ ആശങ്ക സജീവമായിരുന്നു. ബ്രിക്സ് രാജ്യത്തലവൻമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിടെ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റിനുമിടയിൽ 'അതിർത്തി'യായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രം പുറത്തുവന്നതോടെ അതിർത്തി പ്രശ്നങ്ങളിൽ മഞ്ഞുരുകില്ലേ എന്ന ചോദ്യം ഉയർന്നിരുന്നു.
ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷന് മുൻപായിരുന്നു ലോക നേതാക്കൾ ക്യാമറക്ക് മുന്നിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിൻ പിങ്, റാമഫോസ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവരാണ് ബ്രിക്‌സ് ഗ്രൂപ്പ് ഫോട്ടോയ്ക്കായി അണിനിരന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസയുടെ ഇരുവശങ്ങളിലുമായാണ് മോദിയും ഷി ജിൻ പിങും നിന്നത്. ഇരുവരുടെയും കൈകളിൽ പിടിച്ചത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റായിരുന്നു. മോദിയും ഷി ജിൻ പിങും മനഃപൂർവ്വം അകലം പാലിച്ചതാണോയെന്നായിരുന്നു ചിത്രം കാണുന്നവരുടെയെല്ലാം ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam