
വാഷിങ്ടൺ: വാഗ്‌നർ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് വ്ലാദിമർ പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ ആരോപിച്ചു. മോസ്കോയിൽ നിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തിൽപെട്ടത്. 8 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വന്തം കാര്യസാധ്യത്തിനായി വളർത്തിയെടുത്ത വാഗ്നർ കൂലിപ്പടയുടെ തലവനാണ് ഇപ്പോൾ ദുരൂഹമായ വിമാനാപകടത്തിൽ എരിഞ്ഞടങ്ങിയത്. വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. അയാളുടെ ജീവിതം പോലെ മരണവും ദുരൂഹതയുടെ പുകമറ നിറഞ്ഞതായി.
വ്ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും കവർച്ചയ്ക്ക് പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.
ബർഗർ വിൽക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു.
പുടിനോടുള്ള വിധേയത്വത്തിന്റെ പേരിൽ പ്രിഗോഷിനെ 'പുട്ടിന്റെ പാചകക്കാരൻ' എന്നും ആളുകൾ പരിഹസിച്ചിരുന്നു. അത് അഭിമാനമാണെന്നായിരുന്നു അന്ന് പ്രിഗോഷിന്റെ മറുപടി. പുടിൻ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകൾ എല്ലാം പ്രിഗോഷിനു നൽകി. രാഷ്ട്രത്തലവന്മാർക്ക് മുതൽ സൈനിക സ്‌കൂളുകളിൽ വരെ പ്രിഗോഷിന്റെ ഹോട്ടൽ ഭക്ഷണം വിതരണം ചെയ്തു.
അധികാരം നിലനിർത്താനും കാര്യസാധ്യത്തിനുമായി പ്രിഗോഷിനെ പുടിൻ ഒപ്പം നിർത്തി. 2014 ൽ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തെ സഹായിക്കാനെന്ന പേരിൽ പുടിൻ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കി. അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനു തന്നെ ഏൽപ്പിച്ചു. ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടിക്കൂട്ടിയ ക്രൂരതകൾ എണ്ണിയാലൊടുങ്ങില്ല.
മൂന്നു റഷ്യൻ മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയതടക്കം ആസൂത്രണം ചെയ്തത് യവ്ഗെനി പ്രിഗോഷിൻ ആയിരുന്നു. പ്രിഗോഷിനാണ് വാഗ്നർ ഗ്രൂപ്പിന്റെ സംഘാടകൻ എന്നതു പോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വർഷം ആദ്യമാണ് പുട്ടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവിൽ ഇപ്പോൾ അത് നേർക്കുനേർ യുദ്ധമായി. കഴിഞ്ഞ ജൂൺ 23 നു വ്ലാദിമിർ പുടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ട് ആണ് അവസാനിപ്പിച്ചത്. അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരിൽ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. ആ കൂടിക്കാഴ്ചയിൽ പുടിൻ പ്രിഗോഷിനോട് ഇനി റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്നർ കൂലിപ്പടയുടെ പ്രവർത്തനം ഇനി ഉണ്ടാകില്ലെന്ന് പുടിൻ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ തന്റെ ഓഫർ പ്രിഗോഷിൻ നിരസിച്ചതായി വ്ലാദിമിർ പുടിൻ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ സൈന്യത്തിൽ ചേരുന്നത് തന്റെ പടയാളികൾ ഇഷ്ടപ്പെടില്ല എന്നായിരുന്നുവത്രെ പ്രിഗോഷിന്റെ മറുപടി. പുടിനോട് അങ്ങനെ മറുപടി പറഞ്ഞ പ്രോഗോഷിന് ഇനി അധികം ആയുസ് ഇല്ലെന്ന് അന്നുതന്നെ ചില ലോക മാധ്യമങ്ങൾ എഴുതി. അതിപ്പോൾ സത്യമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam