കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നിൻ്റെ ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് അമേരിക്കൻ കമ്പനി

By Asianet MalayalamFirst Published Oct 2, 2021, 2:59 PM IST
Highlights

 ഗുളിക രൂപത്തിലുള്ള മോൽനുപൈറവീർ, വൈറസിന്റെ ജനിതകഘടനയെ തകരാറിൽ ആക്കുകയും അതുവഴി രോഗം വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നതെന്നും മെർക്ക് വ്യക്തമാക്കിയിട്ടുണ്ട്. 
 

വാഷിംഗ്ടൺ: കൊവിഡ് (Covid19)ചികിത്സയ്ക്കുള്ള മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം(Clinical Experiment) വിജയകരമെന്ന് അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ മെർക്ക്. തങ്ങൾ വികസിപ്പിച്ച മൊൽനുപൈറവീർ എന്ന മരുന്ന് കൊവിഡ് രോഗികളിലെ മരണനിരക്ക് കുറയ്ക്കാനും ആശുപത്രിവാസത്തിൻ്റെ ദൈർഘ്യം കുറയ്ക്കാനും സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗുളിക രൂപത്തിലുള്ള മരുന്നിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി രണ്ടാഴ്ചയ്ക്ക് അകം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അപേക്ഷ നൽകുമെന്നും മെർക്ക് കമ്പനി അറിയിച്ചു. 

കൊവിഡിൽ ശ്വാസം മുട്ടുന്ന ലോകത്തിന് ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവരുന്നത്. മോൽനുപൈറവീർ എന്ന മരുന്നിന് മരണ നിരക്ക് കുറയ്ക്കാനും ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയ്ക്കാനും കഴിയുമെന്ന് ക്ലിനിക്കൽ പരീക്ഷണം തെളിയിച്ചതായാണ് മെർക്കിന്റെ അവകാശവാദം. 775 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവരിൽ 7.3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടിവന്നത്. മരുന്ന് കഴിച്ചവരാരും മരിച്ചില്ല. ഗുളിക രൂപത്തിലുള്ള മോൽനുപൈറവീർ, വൈറസിന്റെ ജനിതകഘടനയെ തകരാറിൽ ആക്കുകയും അതുവഴി രോഗം വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നതെന്നും മെർക്ക് വ്യക്തമാക്കിയിട്ടുണ്ട്. 

ഇതുവരെയുള്ള മരുന്നുകൾ കൊറോണ വൈറസിന്റെ പ്രോട്ടീനെ ആക്രമിക്കുന്നതായിരുന്നെങ്കിൽ മോൽനുപൈറവീർ പിൽസ് ലക്ഷ്യം വയ്ക്കുന്നത് വൈറസിലെ എൻസൈമിനെയാണ്. പകർപ്പുകൾ സൃഷ്ടിക്കാൻ വൈറസ് ഉപയോഗിക്കുന്ന എൻസൈമിനെ നശിപ്പിക്കുക വഴി ശരീരത്തിൽ രോഗം വ്യാപിക്കുന്നത് ഫലപ്രദമായി തടയാനാകുമെന്നും മെർക്ക് അവകാശപ്പെടുന്നു. കന്പനിയുടെ അവകാശവാദത്തെ സ്വാഗതം ചെയ്ത , ബൈഡന്റെ ചീഫ് മെഡിക്കൽ അഡ്വൈസർ ആന്റണി ഫൗസി അനുമതി ലഭിക്കുന്ന വരെ കരുതലോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അനുമതി ലഭിക്കുന്ന പക്ഷം കൊവിഡിനെതിരെയുള്ള ആദ്യ ഓറൽ ആന്റിവൈറൽ മരുന്നാകും മോൽനുപൈറവീർ.

 

click me!