
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വർദ്ധിച്ചുവരുന്ന ചെലവുകളെത്തുടർന്ന് പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ. കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരുന്ന 4800 പേർക്കാണ് ഇതോടെ ജോലി നഷ്ടമായത്. എഐ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടിയെന്നാണ് സൂചന. ഇതിൽ 1600-ഓളം പിരിച്ചുവിടലുകൾ മൈക്രോസോഫ്റ്റിന്റെ ഗെയിമിങ്ങ് വിഭാഗമായ എക്സ് ബോക്സിലാണ് നടന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ എക്സ് ബോക്സിൽ നിന്ന് 1600 പേരെക്കൂടി ഒഴിവാക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.
ഗെയിമിങ്ങ് വിഭാഗത്തിന്റെ വളർച്ച മുരടിച്ചതും, ഹാർഡ്‍വെയർ നിർമ്മാണത്തിന് ചെലവേറിയതുമാണ് എക്സ് ബോക്സിനെ പൂർണ്ണമായി ഉടച്ചുവാർക്കാൻ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത്. ഈ വിഭാഗത്തിൽ നിക്ഷേപിച്ച ഓരോ ഡോളറിനും 64 സെന്റ് വീതം നഷ്ടം നേരിടുന്നതായാണ് കമ്പനിയുടെ ആഭ്യന്തര കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ എക്സ് ബോക്സിന്റെ കീഴിലുള്ള ചില പ്രമുഖ ഗെയിമിങ്ങ് സ്റ്റുഡിയോകൾ അടച്ചുപൂട്ടാനോ മറ്റ് കമ്പനികൾക്ക് വിൽക്കാനോ ആണ് നിലവിലെ തീരുമാനം. ഇന്ത്യൻ വംശജയായ ആശ ശർമ്മ എക്സ് ബോക്സിന്റെ സിഇഒ ആയി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും വലിയ ഘടനാപരമായ മാറ്റമാണിത്.
ഈ പുനഃസംഘടനയുടെ ഭാഗമായി കമ്പനിയുടെ കീഴിലുള്ള കംപൾഷൻ ഗെയിംസ്, ഡബിൾ ഫൈൻ പ്രൊഡക്ഷൻസ് എന്നീ സ്റ്റുഡിയോകൾ ഇനി സ്വതന്ത്രമായി പ്രവർത്തിക്കും. നിൻജ തിയറി, അൺ ഡെഡ് ലാബ്സ് എന്നിവയെ പുതിയ ഉടമകൾക്ക് കൈമാറാനാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. അതേസമയം, ആർകെയ്ൻ ഗെയിംസിന്റെ കാര്യത്തിൽ കർശനമായ ഫ്രഞ്ച് നിയമങ്ങൾ ബാധകമായതിനാൽ, അവിടുത്തെ ജീവനക്കാരുടെ യൂണിയനുകളുമായി കമ്പനി ചർച്ചകൾ തുടരുകയാണ്. എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് ആഗോള തൊഴിൽ വിപണിയിൽ വരുത്തുന്ന വലിയ മാറ്റങ്ങളുടെ പ്രതിഫലനമായാണ് മൈക്രോസോഫ്റ്റിലെ ഈ കൂട്ടപിരിച്ചുവിടൽ വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam