
ലണ്ടന്‍: ബ്രിട്ടനില്‍ വെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യു.എസ് വ്യോമസേനാംഗം ബ്രിട്ടനില്‍ വിചാരണ നേരിടാതെ രക്ഷപ്പെട്ടു. ബ്രിട്ടനിലെ ദി ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസിന്റെ നിയന്ത്രണം അമേരിക്കന്‍ സൈന്യം ഏറ്റെടുത്തതോടെയാണ് പ്രതിക്ക് യുകെയിലെ വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാനായത്.
യുകെയിലെ കാംബ്രിഡ്ജ്‌ഷെയറിലെ ലിറ്റില്‍പോര്‍ട്ടിലാണ് കേസിനാസ്പദമായ സംഭവം. തന്റെ വീടിന് മുന്നിലൂടെ നടന്നുപോയ സ്ത്രീകള്‍ക്ക് നേരെ ഹാനസ് മാര്‍ഷലെക് (37) എന്ന യു.എസ് സ്റ്റാഫ് സര്‍ജന്റ് പലതവണ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് കേസ്. 2022 ഒക്ടോബറില്‍ കാംബ്രിഡ്ജ്‌ഷെയര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം, യുകെ പോലീസ് അന്വേഷണം യു.എസ് മിലിട്ടറിക്ക് വിട്ടുകൊടുത്തു. അമേരിക്കന്‍ സൈന്യത്തിന്റെ ഔദ്യോഗിക അഭ്യര്‍ത്ഥന മാനിച്ചും ഇരകളുടെ അനുമതിയോടെയുമാണ് കേസ് കൈമാറിയതെന്നായിരുന്നു യുകെ പൊലീസിന്റെ വിശദീകരണം.
തുടര്‍ന്ന് 2023-ല്‍ ബ്രിട്ടനിലെ യു.എസ് വ്യോമസേനാ താവളത്തില്‍ നടന്ന സൈനിക വിചാരണയില്‍ ഇയാള്‍ക്ക് രണ്ട് മാസത്തെ തടവ് മാത്രമാണ് ശിക്ഷ ലഭിച്ചത്. ബ്രിട്ടീഷ് കോടതിയിലായിരുന്നു വിചാരണയെങ്കില്‍ ഇയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ യു.എസ് സൈനിക അപ്പീല്‍ കോടതി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തു. നിലവില്‍ യു.എസിലേക്ക് മടങ്ങിയ മാര്‍ഷലെക് അവിടെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിലാണ് ഉള്ളത്.
ബ്രിട്ടീഷ് മണ്ണില്‍ വെച്ച് അമേരിക്കന്‍ സൈനികര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ യു.എസ് മിലിട്ടറി ട്രിബ്യൂണലുകളിലേക്ക് മാറ്റുന്നതിനെതിരെ യുകെയില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ-ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam