കൊവിഡില്‍ വിറച്ച് ലോകം; മരണം 30000 കഴിഞ്ഞു, ആറരലക്ഷത്തോളം പേര്‍ക്ക് രോഗം; അമേരിക്കയില്‍ സ്ഥിതി ഗുരുതരം

By Web TeamFirst Published Mar 28, 2020, 10:25 PM IST
Highlights

യൂറോപ്പില്‍  20,000 ത്തിലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്

റോം: ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു  പേർ മരിച്ച  പാകിസ്ഥാനിൽ  രോഗികളുടെ എണ്ണം 1400 കടന്നു.  അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ  അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു.  ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര  സാമ്പത്തിക  പാക്കേജിന്  ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുകയാണ്. 

പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക  പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ  കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക  എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ. അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക്  അമേരിക്ക അനുമതി നൽകി.  

അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ  നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.  എണ്‍പതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

click me!