
ഗാസ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളുടെ ഫലമായി കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 70,000 കടന്നതായി ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം. ഒക്‌ടോബർ 10-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷവും ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളാണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്. കൂടാതെ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഫലസ്തീൻ മരണസംഖ്യ ഇപ്പോൾ 70,100 ആയി. ഇതിൽ 350-ൽ അധികം മരണങ്ങൾ ഒക്‌ടോബർ 10-ലെ വെടിനിർത്തലിന് ശേഷം സംഭവിച്ചതാണ്.
ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമപ്രവർത്തകരെ, സ്വതന്ത്രമായി ഗാസയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ തടഞ്ഞിരിക്കുന്നതിനാൽ ഇരുപക്ഷത്തിൻ്റെയും കണക്കുകൾ സ്വയം സ്ഥിരീകരിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം, ശനിയാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഫാദി അബു അസ്സി (8 വയസ്സ്), സഹോദരൻ ജുമ അബു അസ്സി (10 വയസ്) എന്നിവർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. വിറക് ശേഖരിക്കാനായി പോയപ്പോഴാണ് ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
തങ്ങൾ 'യെല്ലോ ലൈൻ' കടന്ന രണ്ട് പേരെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സസ് ബിബിസിയോട് പ്രതികരിച്ചു. ഏഴ് ആഴ്ചകൾക്ക് മുൻപ് യുണൈറ്റഡ് സ്റ്റേറ്റ്സ് മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യം പിൻവാങ്ങാൻ സമ്മതിച്ച അതിർത്തിരേഖയാണ് 'യെല്ലോ ലൈൻ'. ഖാൻ യൂനിസിൻ്റെ കിഴക്ക് ഭാഗത്താണ് കുട്ടികൾ വിറക് ശേഖരിക്കാൻ പോയത്. ശനിയാഴ്ച നാസർ ആശുപത്രിയിൽ തിരിച്ചറിഞ്ഞ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. 2023 ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. ആ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.