വീശിയടിച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്: മരണം 200 കടന്നു, കാണാതായത് 191 പേരെ; 20000 വീടുകൾ നശിച്ചു; ദുരന്തത്തിൽ നടുങ്ങി ശ്രീലങ്ക

Published : Nov 30, 2025, 09:52 AM IST
cyclone ditwah

Synopsis

ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ ആഞ്ഞടിച്ചതിനെ തുടർന്ന് 153 പേർ മരിക്കുകയും 191 പേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരക്കണക്കിന് വീടുകൾ തകരുകയും ലക്ഷക്കണക്കിന് ആളുകളെ ദുരിതം ബാധിക്കുകയും ചെയ്തു.

കൊളംബോ: ഡിറ്റ്‌വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ വൻ നാശനഷ്ടം. 200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20000 വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഈ ദ്വീപ് രാഷ്ട്രം. അതേസമയം കൊളംബോയിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.

പേമാരിയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതിൽ പലയിടത്തേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. അനുരാധപുര ജില്ലയിൽ കുടുങ്ങിയ 69 ബസ് യാത്രക്കാരെ 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് രക്ഷിച്ചത്. കുറുനെഗല ജില്ലയിൽ വയോജന സംരക്ഷണ കേന്ദ്രത്തിലെ 11 താമസക്കാരടക്കം മരിച്ചു.

കഴിഞ്ഞ ആഴ്ച മുതൽ ശ്രീലങ്കയിൽ അതിശക്തമായ മഴയായിരുന്നു. വ്യാഴാഴ്ചയോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെ സ്കൂളുകളും ഓഫീസുകളും സർക്കാർ അടച്ചു. പരീക്ഷകൾ മാറ്റിവച്ചു. മിക്ക ഡാമുകളും നദികളും കരകവിഞ്ഞു. പാറകളും ചെളിയും മരങ്ങളും റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വീണു. ട്രെയിൻ സർവീസ് നിർത്തിവച്ചു. രാജ്യത്തിൻ്റെ മൂന്നിലൊന്ന് ഭാഗത്തും ഇപ്പോൾ കുടിവെള്ളം ലഭ്യമല്ല. ഇൻ്റർനെറ്റും വിച്ഛേദിക്കപ്പെട്ടു.

വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരോട് അടക്കം ലങ്കൻ ഭരണകൂടം ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാനാണിത്. രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികൾ ലങ്കയിലെത്തിച്ച് ഇന്ത്യ കരുതലിൻ്റെ കരം നീട്ടി. ഒപ്പം 2 ഹെലികോപ്റ്ററുകളിലായി 22 പേരുടെ ദുരിതാശ്വാസ സംഘത്തെയും ലങ്കയിലേക്ക് അയച്ചു.

സൗഹൃദ സന്ദർശനത്തിനായി കൊളംബോയിൽ നേരത്തെയെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലും ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി. ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരത്തേക്ക് നീങ്ങും. ഇതിൻ്റെ ഭാഗമായി ചെന്നൈ വിമാനത്താവളം 54 വിമാന സർവീസുകൾ റദ്ദാക്കി. അടുത്ത 48 മണിക്കൂറിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പതിവ് വാർത്താ സമ്മേളനത്തിനിടെ സൈറൺ മുഴങ്ങി, ഹാൾ വിട്ടിറങ്ങി ക്ലോഡിയ ഷെയ്ൻബോം, മെക്സിക്കോയിൽ ഭൂകമ്പം 2 മരണം
രാവിലെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി, തണുത്ത് വിറച്ച് സബ്വേയിലൂടെ നടത്തം; ന്യൂയോർക്ക് മേയറായി മംദാനിയുടെ ആദ്യ ദിനം