ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു

Published : Dec 23, 2025, 09:27 AM IST
Bangladesh NCP leader Motaleb Sikder shot in head

Synopsis

ബംഗ്ലാദേശിൽ ജെൻസി പ്രക്ഷോഭ നായകൻ ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു യുവ നേതാവായ മുഹമ്മദ് മൊട്ടാലിബ് സിക്‌ദറിനും വെടിയേറ്റു. ഖുൽനയിൽ വെച്ച് തലക്ക് വെടിയേറ്റ അദ്ദേഹം അപകട നില തരണം ചെയ്തു. വെടിയുണ്ട തലയോട്ടിയിൽ തട്ടാതെ പോയതാണ് കാരണം

ധാക്ക: ബംഗ്ലാദേശിൽ ജെൻസി പ്രക്ഷോഭ നായകൻ ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു യുവ നേതാവിന് കൂടി വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടി (NCP) നേതാവായ മുഹമ്മദ് മൊട്ടാലിബ് സിക്‌ദറിനാണ് തലക്ക് വെടിയേറ്റത്. 42കാരനായ ഇദ്ദേഹം അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് പുറത്തുവരുന്ന വിവരം.

ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ പാർട്ടിയായ നാഷണൽ സിറ്റിസൺ പാർട്ടിയുടെ (NCP) ഖുൽന ഡിവിഷൻ മേധാവിയാണ് മൊട്ടാലിബ് സിക്ദർ. കൂടാതെ പാർട്ടിയുടെ തൊഴിലാളി വിഭാഗമായ 'എൻസിപി ശ്രമിക് ശക്തി'യുടെ കേന്ദ്ര സംഘാടകൻ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സജീവമായിരുന്ന നേതാക്കളിൽ ഒരാളാണ്. ഖുൽനയിൽ നടക്കാനിരിക്കുന്ന രാഷ്ട്രീയ റാലിയുടെ ഒരുക്കങ്ങൾക്കിടെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമി സംഘം സിക്‌ദറിന് നേരെ വെടിയുതിർത്തത്. വെടിയുണ്ട തലയോട്ടിയിൽ ഉരസി പുറത്തേക്ക് പോയതിനാലാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.

സമാനമായ ആക്രമണമാണ് വിദ്യാർത്ഥി പ്രക്ഷോഭ നായകൻ ഷെരീഫ് ഉസ്മാൻ ഹാദിക്ക് നേരെയും ഉണ്ടായത്. പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ ബൈക്കിലെത്തിയ അജ്ഞാതരാണ് ആക്രമിച്ചത്. തലക്ക് വെടിയേറ്റ ഇദ്ദേഹം ആദ്യം ധാക്കയിലെ ആശുപത്രിയിലും നില വഷളായതോടെ സിങ്കപ്പൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിന്നീട് മരിച്ചു. തുടർന്ന് ബംഗ്ലാദേശിൽ യുവാക്കൾ അക്രമാസക്തരാവുകയും മാധ്യമസ്ഥാപനങ്ങളടക്കം ആക്രമിക്കുകയും ചെയ്തു. ഈ സംഘർഷാവസ്ഥ നിലനിൽക്കെയാണ് രണ്ടാമതൊരു നേതാവിന് കൂടി വെടിയേൽക്കുന്നത്. കർശന നടപടി സ്വീകരിക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിർപ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡിൽ വിമർശനം
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ