ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിർപ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡിൽ വിമർശനം

Published : Dec 23, 2025, 08:18 AM IST
PM Modi and New Zealand PM Christopher Luxon

Synopsis

ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിനെതിരെ ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് രംഗത്ത്. ക്ഷീര ഉൽപ്പന്നങ്ങളെ ഒഴിവാക്കിയതും കുടിയേറ്റത്തിന് മുൻഗണന നൽകിയതും ഒരു മോശം ഇടപാടാണെന്ന് അദ്ദേഹം ആരോപിച്ചു.

വെല്ലിംഗ്ടൺ/ദില്ലി: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്. ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. ന്യൂസിലാൻഡിലെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഒമ്പത് മാസത്തെ ചർച്ചകൾക്കൊടുവിൽ ഡിസംബർ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

വിൻസ്റ്റൺ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനങ്ങൾ

ന്യൂസിലാൻഡിന്‍റെ പ്രധാന കയറ്റുമതി ഉൽപ്പന്നമായ പാൽ, വെണ്ണ, ചീസ് തുടങ്ങിയ ക്ഷീര ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കിയെന്നാണ് വിൻസ്റ്റൺ പീറ്റേഴ്‌സിന്‍റെ പ്രധാന വിമർശനം. സ്വന്തം കർഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഈ നിലപാടിനെതിരെയാണ് പീറ്റേഴ്‌സ് രംഗത്തെത്തിയത്. ന്യൂസിലാൻഡ് കർഷകർക്ക് ഇതിൽ ഗുണമൊന്നുമില്ല, ഇത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരത്തിന് പകരം കുടിയേറ്റത്തിനാണ് കരാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ പൗരന്മാർക്കായി വർഷം തോറും 5,000 താൽക്കാലിക തൊഴിൽ വിസകളും 1,000 വർക്കിംഗ് ഹോളിഡേ വിസകളും അനുവദിക്കാനുള്ള തീരുമാനം ന്യൂസിലാൻഡിന്‍റെ തൊഴിൽ വിപണിയെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. കരാറിനായി മൂന്ന് വർഷത്തെ കാലാവധിയുണ്ടായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഒമ്പത് മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയത് 'ലോ-ക്വാളിറ്റി' കരാറിന് കാരണമായെന്ന് അദ്ദേഹം ആരോപിച്ചു.

കരാറിലെ പ്രധാന വ്യവസ്ഥകൾ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു.

ന്യൂസിലാൻഡിൽ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും.

ന്യൂസിലാൻഡ് ഇന്ത്യയിൽ അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തും.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലാൻഡിൽ 100 ശതമാനം നികുതിയില്ലാത്ത പ്രവേശനം ലഭിക്കും.

ഭരണസഖ്യത്തിനുള്ളിൽ തർക്കമുണ്ടെങ്കിലും, ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ രാജ്യത്തിന്‍റെ സാമ്പത്തിക താത്പര്യങ്ങൾ ബലികഴിക്കാൻ തയ്യാറല്ലെന്നും പീറ്റേഴ്‌സ് വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടുള്ള തന്‍റെ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ നടപ്പിലാക്കാൻ ആവശ്യമായ നിയമനിർമ്മാണത്തെ പാർലമെന്‍റിൽ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി എതിർക്കുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ