
കാലിഫോർണിയ: തന്റെ അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെട്ട് യുവതി. അമേരിക്കൻ സ്വദേശിയായ ആമ്പർ കീസർ ആണ് ഭർത്താവ് ടിം ജോൺസിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ദക്ഷിണ കറോലിന കോടതിയോട് ആവശ്യപ്പെട്ടത്. തന്റെ മക്കൾക്ക് വേണ്ടിയാണ് ടിമ്മിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കീസർ കോടതിയിൽ പറഞ്ഞത്.
തന്റെ മക്കളോട് ടിം ഒരുതരത്തിലും കാരുണ കാണിച്ചിരുന്നില്ലെങ്കിലും മക്കൾക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് മക്കൾക്ക് വേണ്ടിയാണ് ടിമ്മിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കീസർ കോടതിയിൽ പറഞ്ഞത്. തന്റെ മക്കൾ സഹിച്ച വേദന തനിക്ക് മാത്രമേ അറിയുള്ളു. ടിമ്മിന്റെ മുഖം പറിച്ചെടുക്കാൻ കഴിയുമെങ്കിൽ ഒരമ്മ എന്ന നിലയിൽ താനത് ചെയ്യും. അതാണ് എന്റെ ഉള്ളിലെ അമ്മ. വധശിക്ഷയെ എതിർക്കുന്നയാളാണ് താനെന്നും കീസർ കൂട്ടിച്ചേർത്തു.
ആറ് ആഴ്ചത്തെ പരിചയത്തിനൊടുവിലാണ് കീസർ ടിമ്മിനെ വിവാഹം കഴിക്കുന്നത്. ചിക്കാഗോയിലെ ചിൽഡ്രൻസ് പാർക്കിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇരുവരും പരസ്പരം കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നത്. ഒമ്പത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കീസർ ടിമ്മിൽനിന്ന് വിവാഹമോചനം നേടി. വിവാഹമോചിതയായ കീസർ മക്കളെ ടിമ്മിനെയാണ് നോക്കാൻ ഏൽപ്പിച്ചത്. എല്ലാ ശനിയാഴ്ച്ചയും മക്കളെ സന്ദർശിക്കാം എന്ന നിബന്ധനയോടെയായിരുന്നു കീസർ മക്കളെ ടിമ്മിനെ ഏൽപ്പിച്ചത്.
2014 ഓഗസ്റ്റ് 28-നായിരുന്നു ടിം തന്റെ സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ലാക്സിങ്ടമിലെ വീട്ടിൽവച്ചാണ് ഒരു വയസുള്ള തന്റെ ഏറ്റവും ഇളയ കുഞ്ഞിനെയും എട്ട് വയസുള്ള മൂത്ത് കുട്ടിയെയും ടിം കൊന്നത്. പ്ലഗ് സോക്കറ്റ് ഉപയോഗിച്ച് കളിക്കുകയായിരുന്ന ആറ് വയസുള്ള മകൻ നതാനെയാണ് യാതൊരുവിധ പ്രകോപനവും കൂടാതെ ടിം ആദ്യം കൊല്ലുന്നത്. പിന്നീട് ബാക്കി നാല് മക്കളെയും ടിം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു വയസുള്ള മകൾ എലൈൻ, ഗാബ്രിയേൽ (രണ്ട്), ഏലിയാസ് (ഏഴ്), മെറ (എട്ട്) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
മക്കളുടെ മൃതദേഹവുമായി നഗരത്തിലൂടെ കറങ്ങുന്നതിനിടെയാണ് ടിമ്മിനെ ട്രാഫിക്ക് പൊലീസ് പിടികൂടുന്നത്. ഒമ്പത് ദിവസം മക്കളുടെ മൃതദേഹം സംസ്ക്കരിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയായിരുന്നു ടിം ട്രാഫിക്ക് പൊലീസിൽ മുന്നിൽപ്പെട്ടത്. കാറിൽനിന്നും അഴുകിയ ദുർഗന്ധം പുറത്ത് വന്നതോടെയാണ് പൊലീസ് ടിമ്മിനെ പിൻതുടരുകയും പിടികൂടുകയും ചെയ്തത്. മിസിസിപ്പിയിൽ വച്ചാണ് ടിമ്മിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ കീസറിനെ ഹർജി പരിഗണിച്ച കോടതി ടിമ്മിന് വധശിക്ഷ വിധിക്കണമോ ജയിൽശിക്ഷ വിധിച്ചാൽ മതിയോ എന്ന ആശങ്കയിലാണ്. അതേസമയം ടിം മാനസിക രോഗമായ സ്കീസോഫ്രീനിയയ്ക്ക് ചികിത്സ തേടിയിരുന്നതായി ടിമ്മിന്റെ സഹോദരി കോടതിയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam