കരാറില്ലാതെ ബ്രെക്സിറ്റ് പാസ്സാക്കാനുള്ള നീക്കം വോട്ടിനിട്ട് തള്ളി, ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് വൈകാൻ സാധ്യത

By Web TeamFirst Published Mar 14, 2019, 8:58 AM IST
Highlights

ബ്രെക്സിറ്റ് കരാർ കഴിഞ്ഞ ദിവസം പാർലമെന്റ് വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് കരാറില്ലാതെ പുറത്തുപോകുന്ന പ്രമേയത്തിന് അംഗീകരം തേടി സർക്കാർ രംഗത്തെത്തിയത്. 

ലണ്ടന്‍: ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് വൈകാൻ സാധ്യത. കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള നീക്കം ബ്രിട്ടീഷ് പാർലമെന്റ് വോട്ടിനിട്ട് തള്ളി. ഇതേതുടർന്ന് ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ബ്രെക്സിറ്റ് കരാർ കഴിഞ്ഞ ദിവസം പാർലമെന്റ് വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് കരാറില്ലാതെ പുറത്തുപോകുന്ന പ്രമേയത്തിന് അംഗീകരം തേടി സർക്കാർ രംഗത്തെത്തിയത്. 

എന്നാൽ സർക്കാർ പ്രമേയം ചർച്ചയ്ക്കെടുക്കും മുന്നേ, ലേബർ പാർട്ടി പ്രതിനിധി വെറ്റ് കൂപ്പർ കൊണ്ടുവന്ന ഭേദഗതി പാസ്സായി. ഒരു സാഹചര്യത്തിലും കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കരുതെന്ന ഭേദഗതി പാസ്സായതോടെ സർക്കാർ വെട്ടിലായി. ഇതേതുടർന്ന് സ്വന്തം പ്രമേയത്ത് എതിർത്ത് വോട്ട് ചെയ്യാൻ കൺസർവേറ്റീവ് എംപിമാരോട് സർക്കാർ ആവശ്യപ്പെടുന്ന നാടകീയ കാഴ്ചയ്ക്കും പാർലമെന്റ് സാക്ഷ്യം വഹിച്ചു. 

വോട്ടെടുപ്പിൽ പങ്കെടുത്ത 312 എംപിമാർ കരാറില്ലാതെ പുറത്തുപോകുന്നതിനെ എതിർത്തു. 308 പേർ അനുകൂലിച്ചു. ഇതോടെ ബ്രിട്ടൽ യൂറോപ്യൻ യൂണിയൻ വിടുന്നത് വൈകാനുള്ള സാധ്യതയേറി. കരാ‍റോടെ പുറത്തുപോകണമെങ്കിൽ സമയം നീട്ടിക്കിട്ടാൻ യൂറോപ്യൻ യൂണിയനെ സമീപിക്കുക എന്നത് മാത്രമാണ് ബ്രിട്ടന് മുന്നിലുള്ള പോംവഴി. ഇതിനായി പാർലമെന്റിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇത് പാസ്സായാൽ ബ്രിട്ടന് ഇക്കാര്യം ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയനെ സമീപിക്കാനാകും. 

click me!