
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്ഫോടനപരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ഹൈസ്കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് കാബൂൾ പൊലീസ് സ്ഥിരീകരിക്കുന്നത്.
കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത് - എ - ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് പൊലീസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല.
സ്കൂളിൽ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നത്. ''അബ്ദുൾ റഹിം ഷാഹിദ് സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകൻ എന്നോട് പറഞ്ഞു. നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. കൂട്ടത്തിൽ കുട്ടികളുമുണ്ട്'', എഹ്‍സാനുള്ള ട്വിറ്ററിൽ കുറിക്കുന്നു. കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്.
രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിൽത്തന്നെയുള്ള മുംതാസ് ട്രെയിനിംഗ് സെന്‍ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കി അധികാരം പിടിച്ചത്. അതിന് ശേഷം ഇനി അഫ്ഗാനിസ്ഥാന്‍റെ ഭാവി തങ്ങളുടെ പക്കൽ സുരക്ഷിതമായിരിക്കുമെന്നായിരുന്നു താലിബാൻ ഭരണകൂടത്തിന്‍റെ അവകാശവാദം. എന്നാൽ സായുധതീവ്രവാദസംഘങ്ങൾ തമ്മിലുള്ള വൈരം ഇനിയുമിവിടെ അവസാനിച്ചിട്ടില്ലെന്ന് പല രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നതാണ്.
ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിലവിലാരും ഏറ്റെടുത്തിട്ടില്ല. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
(വാർത്ത അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam