
സിഡ്നി: വിഷക്കൂൺ അടങ്ങിയ ഭക്ഷണം നൽകി മുൻ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത ഓസ്ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. 50 കാരിയായ എറിന്‍ പാറ്റേഴ്സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിട്ടത്. 2023 ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2056ൽ ആയിരിക്കും ഇനി എറിന് ജയിലിന് പുറത്ത് ഇറങ്ങാൻ ആവുക.
മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ എറിൻ പാറ്റേഴ്സൺ ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും മരണകാരണമായതെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ നിരപരാധിയാണ് താനെന്നായിരുന്നു എറിന്റെ വാദം.ഭക്ഷ്യവിഷബാധയേറ്റുള്ള സംഭവമെന്ന് തുടക്കത്തിൽ തോന്നിയ സംഭവം ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
എറിന്റെ മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയമാണ് വിഷബാധയേറ്റ് മരിച്ചത്. വിരുന്നിന് മുൻ ഭർത്താവിനേയും എറിൻ ക്ഷണിച്ചിരുന്നുവെങ്കിലും ഇയാൾ അവസാന നിമിഷം എത്താനാവില്ലെന്ന് എറിനെ അറിയിക്കുകയായിരുന്നു. രണ്ട് തവണ നേരത്തെ എറിൻ മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 2022 മെയ് മാസത്തിലും സെപ്തംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ജൂലൈ 29ന് മുന്‍ ഭർത്താവിനും രക്ഷിതാക്കള്‍ക്കും ഭർതൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ബീഫും വിഷക്കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്.
ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിഥികൾ അസുഖബാധിതരായി. കൂണിൽ നിന്നുള്ള വിഷബാധയേറ്റവരിൽ ഒരാൾ മൂന്ന് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രോഗബാധയിൽ നിന്ന് രക്ഷപ്പെട്ടത്. മരണ തൊപ്പി കൂണ്‍ എന്ന പേരിൽ കുപ്രസിദ്ധി നേടിയ വിഷക്കൂണാണ് ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവത്തിൽ 49കാരി ഉപയോഗിച്ചത്. 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്തംബറില്‍ ആശുപത്രി വിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam