
ബാങ്കോക്ക്: മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിൽ കുറഞ്ഞത് 1,644 പേർ കൊല്ലപ്പെടുകയും 3,400 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും 139 പേരെ കാണാതായതായെന്നും മ്യാൻമർ ഭരണകൂടം പ്രസ്താവനയിലൂടെ പറഞ്ഞു.
ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങൾ മ്യാൻമറിന് സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam