ഒരേ ഫ്ലൈറ്റ് നമ്പറും ഒരേ റേഡിയോ ഫ്രീക്വൻസിയും ഉപയോഗിച്ച് രണ്ട് വിമാനങ്ങൾ ഒരേസമയം ഒരേ ആകാശപരിധിയിൽ പറന്നതോടെ വലിയ രീതിയിലുള്ള ആശയക്കുഴപ്പമാണ് ഉണ്ടായത്
അരിസോണ: രണ്ട് വിമാനങ്ങൾക്ക് നൽകിയത് ഒരേ നമ്പർ. ആകാശത്ത് കൂട്ടിയിടി സാഹചര്യം. എയർ ട്രാഫിക് കൺട്രോളറുടെ ഇടപെടൽ നിർണായകമായി. തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. അമേരിക്കയിലെ അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനങ്ങൾ അപകടകരമായ രീതിയിൽ അടുത്ത് എത്തിയത്. ഓഗസ്റ്റ് 14 വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഷിക്കാഗോയിൽ നിന്ന് ഫീനിക്സിലേക്ക് വരുന്ന വിമാനവും ഫീനിക്സിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുകയും ചെയ്ത അമേരിക്കൻ എയർലൈൻ വിമാനങ്ങളാണ് അപകടകരമായ രീതിയിൽ അടുത്തെത്തിയത്. മോശം കാലാവസ്ഥ മൂലം ഫീനിക്സിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകിയിരുന്നു. അതിനാൽ യാത്രക്കാർക്ക് അസൌകര്യമൊഴിവാക്കാൻ മറ്റൊരു വിമാനം കമ്പനി ഏർപ്പെടുത്തി. എന്നാൽ വൈകിയ വിമാനത്തിനും പുതിയതായി പുറപ്പെടാൻ സജ്ജമാക്കിയ വിമാനത്തിനും നൽകിയത് ഒരേ നമ്പർ തന്നെയായിരുന്നു. എയർലൈനിന്റെ നിയന്ത്രണ വിഭാഗത്തിന് സംഭവിച്ച പിഴവായിരുന്നു നമ്പർ നൽകലിലെ ഇരട്ടിപ്പ്.
ഒരേ ഫ്ലൈറ്റ് നമ്പറും ഒരേ റേഡിയോ ഫ്രീക്വൻസിയും ഉപയോഗിച്ച് രണ്ട് വിമാനങ്ങൾ ഒരേസമയം ഒരേ ആകാശപരിധിയിൽ പറന്നതോടെ വലിയ രീതിയിലുള്ള ആശയക്കുഴപ്പമാണ് ഉണ്ടായത്. വിമാനങ്ങളുടെയും സഞ്ചാരപാതകൾ പരസ്പരം കൂട്ടുമുട്ടുന്ന രീതിയിലായിരുന്നു. കൺട്രോളർ നൽകുന്ന നിർദ്ദേശങ്ങൾ തങ്ങൾക്കാണെന്ന് തെറ്റിദ്ധരിച്ച് രണ്ട് പൈലറ്റുമാരും ഒരുപോലെ പ്രവർത്തിച്ചതോടെ വിമാനങ്ങൾ കൂട്ടിയിടിക്ക് സമാനമായ സാഹചര്യത്തിലെത്തുകയായിരുന്നു. എന്നാൽ പരിചയ സമ്പന്നനായ എയർ ട്രാഫിക് കൺട്രോളർ അപകട സാധ്യത തിരിച്ചറിഞ്ഞ് രണ്ട് വിമാനങ്ങളേയും വ്യത്യസ്ത രീതിയിൽ വിളിച്ചാണ് പ്രതിസന്ധി മറികടന്നത്. ലാൻഡ് ചെയ്യാൻ വരുന്ന വിമാനത്തെ അമേരിക്കൻ 2482 അറൈവൽ എന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തെ അമേരിക്കൻ 2482 ഡിപ്പാർച്ചർ എന്നും എടിസി വിളിച്ച് വിമാനങ്ങൾ തമ്മിൽ ആവശ്യമായ അകലം ഉറപ്പാക്കുകയായിരുന്നു. ഒരേ ഫ്ലൈറ്റ് നമ്പറിൽ രണ്ട് വിമാനങ്ങൾ ഒരേസമയം സർവീസ് നടത്തുന്നത് കണ്ടെത്താൻ എയർലൈനിന്റെ സിസ്റ്റത്തിന് കഴിയാതെ പോയതാണ് സംഭവത്തിന് കാരണമെന്ന് വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അമേരിക്കൻ എയർലൈൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


