
പാറ്റ്ന: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് ഉപരിസഭ അംഗീകാരം നലകിയതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി നേപ്പാൾ. ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്കേർപ്പെടുത്തിയതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ന്യൂസ് ചാനലുകളുടെ സിഗ്നലുകൾ എടുത്തുകളഞ്ഞതായി നേപ്പാളി കേബിൾ ഓപ്പറേറ്റേഴ്സ് പറഞ്ഞതായാണ് എഎൻഐ റിപ്പോർട്ട്.
ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണെന്ന് നേപ്പാളി സർക്കാർ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ നേരത്തെ തന്നെ നേപ്പാൾ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളി പ്രധാനമന്ത്രി കെപി ശർമ്മ ഒലിക്കെതിരായി വാർത്തകൾ നൽകുന്നത് അപലപനീയമാണെന്നായുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
'കെട്ടിച്ചമച്ചതും വ്യാജവുമായ റിപ്പോർട്ടുകൾ ഞങ്ങൾ പൂർണ്ണമായും നിരസിക്കുന്നു. ഞങ്ങളുടെ പരമാധികാരത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും നേപ്പാളി സർക്കാരിനെയും ബഹുമാനിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു'- എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. അതേസമയം ചൈനീസ്, പാകിസ്ഥാൻ വാർത്താ ചാനലുകളുടെ സംപ്രേഷണം വിലക്കില്ലാതെ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam