
ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്താൻ സാധിച്ചു. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളിൽ തടസ്സപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് (NDRF) സംഘത്തെ അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ഇതിനായി നേപ്പാൾ സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. തകർന്ന ഗതാഗതമാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കാൻ ബെയ്ലി പാലങ്ങൾ അടക്കം നിർമ്മിച്ച് നൽകാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തന ഏകോപനവും ഊർജിതമായി പുരോഗമിക്കുകയാണ്.
അതേസമയം നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നിട്ടുണ്ട്. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് നേപ്പാൾ വ്യക്തമാക്കി. സൈന്യത്തിനും പൊലീസിനും മറ്റ് ഏജൻസികൾക്കും രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നു. മറ്റു രാജ്യങ്ങളുടെ സംഘങ്ങളുടെ സഹകരണം തത്ക്കാലം തേടുന്നില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ അറിയിച്ചു. അതിനിടെ ത്രിശൂൽ മേഖലയിലെ തിരച്ചിൽ നിർത്തിവെച്ചു. വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് താൽക്കാലികമായി നിർത്തിവെച്ചത്. ചൈനീസ് നിയന്ത്രിത ടിബറ്റൻ മേഖലയിലെ തിരച്ചിൽ ചൈനയും നിർത്തിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam