'ചെറു സൈനിക നീക്കം' വൻ പേടിസ്വപ്നമായി; ഇറാൻ യുദ്ധത്തിൽ ട്രംപ് പതറുമ്പോൾ ഉലഞ്ഞ് ആഗോള സുരക്ഷ

Published : Aug 28, 2026, 04:24 PM IST
Strait of Hormuz

Synopsis

ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ അമേരിക്കയ്ക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുക്രെയിൻ, തായ്‌വാൻ തുടങ്ങിയ നിർണായക മേഖലകളിൽ യുഎസ് സ്വാധീനം കുറയ്ക്കുകയും ആഗോളതലത്തിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

വാഷിങ്ടൺ: ഏതാനും ആഴ്ചകൾ കൊണ്ട് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട് ആരംഭിച്ച ഇറാൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ അമേരിക്കയ്ക്ക് തീരാബാധ്യതയാകുന്നു. തുടക്കത്തിൽ ഇറാന്റെ സമ്പൂർണ്ണ കീഴടങ്ങലും ഭരണമാറ്റവും ലക്ഷ്യമിട്ടിരുന്ന ട്രംപ് ഭരണകൂടം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവപദ്ധതികൾ തടയുക തുടങ്ങിയ പരിമിത ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ, പശ്ചിമേഷ്യയിൽ ട്രംപ് സ്വയം വരുത്തിവെച്ച ഈ പ്രതിസന്ധി യുക്രെയിൻ, തായ്‌വാൻ, കൊറിയൻ ഉപദ്വീപ് അടക്കമുള്ള നിർണായക മേഖലകളിൽ നിന്നുള്ള യുഎസിന്റെ പിടി അയയുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.

യുഎസ് എതിരാളികൾ ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കൻ പ്രതിരോധ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) മുന്നറിയിപ്പ് നൽകുന്നു.

യുക്രെെനിൽ പിടിമുറുക്കി റഷ്യ

പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ ഡ്രോൺ-മിസൈൽ പ്രത്യാക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്കൻ ആയുധങ്ങൾ അങ്ങോട്ട് മാറ്റിയത് യുക്രെെനെ കടുത്ത പ്രതിസന്ധിയിലാക്കി. റഷ്യൻ മിസൈലുകളെ നേരിടാൻ ആവശ്യമായ ഇന്റർസെപ്റ്ററുകളുടെ പത്തിലൊന്ന് മാത്രമാണ് കൈവശമുള്ളതെന്ന് യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് 2022-ന് ശേഷമുള്ള ഏറ്റവും വലിയ സാധാരണക്കാരുടെ മരണനിരക്കിലേക്കാണ് യുക്രെെനെ തള്ളിവിട്ടത്.

ഹോർമുസ് കടലിടുക്ക് അടച്ചതോടെ യുഎസിൽ ഇന്ധനവില കുതിച്ചുയർന്നു. തുടർന്ന് ആഗോള എണ്ണവിപണി ശാന്തമാക്കാൻ റഷ്യൻ എണ്ണയ്ക്കുള്ള ചില ഉപരോധങ്ങൾ പിൻവലിക്കാൻ ട്രംപ് നിർബന്ധിതനായി. ഇത് യുദ്ധം തുടരാൻ മോസ്കോയ്ക്ക് കൂടുതൽ സാമ്പത്തിക സഹായമായി മാറിയെന്നാണ് സിഎൻഎൻ വിദ​ഗ്ധരെ അധികരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

കൊറിയൻ ഉപദ്വീപിലെ വിള്ളലുകൾ

ഇറാൻ യുദ്ധത്തിന് ദക്ഷിണ കൊറിയ നൽകുന്ന പിന്തുണ കുറവാണെന്ന് ആരോപിച്ച്, ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക സംയുക്ത സൈനികാഭ്യാസമായ 'ഉൽച്ചി ഫ്രീഡം ഷീൽഡ്' ട്രംപ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഉത്തരകൊറിയൻ ഭീഷണി നിലനിൽക്കെ സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിച്ചുരുക്കിയത് മേഖലയിലെ സൈനിക തയ്യാറെടുപ്പുകളെ ഇതി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒകിനാവയിൽ നിലയുറപ്പിച്ചിരുന്ന യുഎസ് മറൈൻ സൈനികരെയും ദക്ഷിണ കൊറിയയിലെ പാട്രിയറ്റ് മിസൈൽ ഇന്റർസെപ്റ്ററുകളെയും ഇറാൻ ഉപരോധത്തിനായി പശ്ചിമേഷ്യയിലേക്ക് മാറ്റിയത് വിതരണ ശൃംഖലയെ തകിടം മറിച്ചിരിക്കുകയാണ്.

തായ്‌വാനും ഫിലിപ്പീൻസും ആശങ്കയിൽ

അറബിക്കടലിൽ കുടുങ്ങിയ യുഎസ്എസ് അബ്രഹാം ലിങ്കണ് പകരമായി ജപ്പാനിൽ നിന്നുള്ള യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ കപ്പൽ പശ്ചിമേഷ്യയിലേക്ക് മാറ്റിയതോടെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പസഫിക് സമുദ്രത്തിൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ഒരു യുഎസ് വിമാനവാഹിനിക്കപ്പലും ഇല്ലാത്ത അവസ്ഥയായിരിക്കുകയാണ്.

ദക്ഷിണ ചൈനാ കടലിലെ സ്കാർബറോ ഷോൾ, സെക്കൻഡ് തോമസ് ഷോൾ തുടങ്ങിയ മേഖലകളിൽ ചൈനീസ് കടന്നുകയറ്റം ശക്തമാകുന്ന പശ്ചാത്തലത്തിൽ, അമേരിക്കയുമായി പ്രതിരോധ കരാറുള്ള ഫിലിപ്പീൻസിനും തായ്‌വാനും ഇത് വലിയ സുരക്ഷാ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അനിശ്ചിതത്വത്തിൽ അമേരിക്ക

ഇറാൻ അവരുടെ അതിജീവനത്തിനായി പോരാട്ടം തുടരുമ്പോൾ, യുദ്ധം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിൽ ട്രംപ് ഭരണകൂടത്തിന് വ്യക്തതയില്ല. ഇറാന്റെ മുഴുവൻ ആണവ കേന്ദ്രങ്ങളും തകർക്കുക എന്ന ലക്ഷ്യം ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകിടം മറിക്കുമെന്നിരിക്കെ, നിലവിലെ പ്രതിസന്ധിയിൽ നിന്നുള്ള പിന്മാറ്റം വാഷിംഗ്ടണിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാളിനെ തകർത്തെറിയുന്ന പ്രകൃതിക്ഷോഭങ്ങൾ; ഹിമാലയൻ രാജ്യം ഇത്രയധികം ദുരന്തസാധ്യത നേരിടുന്നത് എന്തുകൊണ്ട്?
35 വർഷം നീണ്ടുനിന്ന ഭരണകാലത്തിന് അവസാനം, നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു