നേപ്പാളിലെ പ്രളയം; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം, പുനർനിർമ്മാണത്തിന് വേണ്ടത് 500 കോടി ഡോളർ‌

Published : Aug 29, 2026, 05:31 PM IST
Nepal Floods

Synopsis

ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയത്തിൽ നേപ്പാൾ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യൻ തീർത്ഥാടകരുൾപ്പെടെ ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും നൂറുകണക്കിന് പേർ മരിക്കുകയും ചെയ്ത ദുരന്തത്തിൽ, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. പുനർനിർമ്മാണത്തിനും രക്ഷാപ്രവർത്തനത്തിനുമായി നേപ്പാൾ അന്താരാഷ്ട്ര സഹായം തേടുകയാണ്.

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിലുമായി ഏകദേശം 3,000-ത്തോളം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരുൾപ്പെടെ 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തുണ്ടായ വൻ നാശനഷ്ടങ്ങൾ നികത്താനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഏകദേശം 400 മുതൽ 500 കോടി ഡോളർ (4 to 5 billion dollars) വരെ ആവശ്യമായി വരുമെന്ന് നേപ്പാൾ ധനകാര്യ മന്ത്രി സ്വർണിം വാഗ്ലെ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കും

പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നേപ്പാളിൽ 2,426 പേരെയും ടിബറ്റിലെ ഗൈറോങ് കൗണ്ടിയിൽ 554 പേരെയുമാണ് കാണാതായിട്ടുള്ളതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച രസുവ ജില്ലയിൽ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് റോഡ് മാർഗ്ഗം എത്തിക്കാനാണ് നിലവിൽ ഭരണകൂടം മുൻഗണന നൽകുന്നത്.

ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടതിനാൽ, കണ്ടെടുക്കുന്ന പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ്. പകർച്ചവ്യാധി ഭീഷണിയും ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം തുറസ്സായ സ്ഥലങ്ങളിൽ ഇവ സംസ്കരിക്കാൻ ജില്ലാ ഭരണകൂടങ്ങൾ തീരുമാനിച്ചു. കാഠ്മണ്ഡുവിലെ മഹാരാജ്ഗഞ്ച് മെഡിക്കൽ കാമ്പസ് പരിസരത്ത് പ്രിയപ്പെട്ടവരെ തിരിച്ചറിയാനായി നിരവധി കുടുംബങ്ങളാണ് കണ്ണീരോടെ കാത്തുനിൽക്കുന്നത്.

സാങ്കേതിക സഹായം തേടി നേപ്പാൾ

പ്രളയത്തെത്തുടർന്ന് നേപ്പാൾ-ചൈന അതിർത്തിയിൽ രൂപപ്പെട്ട തടാകം ലെഹെൻഡെ ഖോല, ത്രിശൂലി നദികളിലേക്ക് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ചയോടെ തടാകത്തിലെ ജലനിരപ്പ് ക്രമേണ കുറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. എങ്കിലും മലമുകളിലുള്ള രണ്ട് തടാകങ്ങളിലെയും വെള്ളം പൂർണ്ണമായി ഒഴുകിപ്പോകുന്നതുവരെ പ്രളയസാധ്യത നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്.

തുരങ്കങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കൽ, തകർന്ന പാലങ്ങൾക്ക് പകരം ഗതാഗത-വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, മൃതദേഹങ്ങൾ സൂക്ഷിക്കൽ, ഡിഎൻഎ പരിശോധന എന്നിവയ്ക്കാണ് തങ്ങൾക്ക് അടിയന്തര സാങ്കേതിക സഹായം ആവശ്യമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ കൈത്താങ്ങ്

ദുരന്തമുഖത്തേക്ക് ഇന്ത്യ ഇതിനകം വൻ ദുരിതാശ്വാസ സഹായം എത്തിച്ചിട്ടുണ്ട്. പുതപ്പുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ 60 ടൺ അവശ്യസാധനങ്ങളുമായി മൂന്ന് വിമാനങ്ങൾ ഇന്ത്യ അയച്ചു. കൂടാതെ ടണൽ റെസ്ക്യൂ ടീം, മെഡിക്കൽ സംഘം, താൽക്കാലിക പാലങ്ങൾ (prefabricated bridges) നിർമ്മിക്കാനുള്ള എൻജിനീയറിങ് വിദഗ്ധർ എന്നിവരുടെ സേവനവും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, പ്രളയബാധിത പ്രദേശങ്ങൾക്ക് അടിയന്തര സഹായം നൽകാനും രാജ്യാന്തര രക്ഷാപ്രവർത്തന സഹകരണത്തിനും ചൈനയും ആഹ്വാനം ചെയ്തിട്ടുണ്ട്. ചെങ്കുത്തായ മലനിരകളാൽ ചുറ്റപ്പെട്ട ഗൈറോങ് അതിർത്തി പോസ്റ്റിലെ റോഡുകൾ തകർന്നതിനെ തുടർന്ന് അതീവ ദുർഘടമായ വഴികളിലൂടെയാണ് ചൈനീസ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിൽ എത്തിയത്. കെട്ടിടങ്ങളിലേക്ക് പ്രളയജലവും അവശിഷ്ടങ്ങളും ഇരച്ചുകയറുന്നതിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാണാതായ ആളുകൾക്കായി ഇരുരാജ്യങ്ങളിലെയും സൈന്യവും സുരക്ഷാസേനകളും തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൽപ്സ് മുതൽ ആൻഡീസ് വരെ; നേപ്പാളിൽ മാത്രം അല്ല, ലോകത്തെ പർവതനിരകൾ അപകടത്തിലോ?
ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളി, ഷാങ്ഹായ് ഉച്ചകോടിയിൽ ഇത് ചർച്ചയാകും- പ്രധാനമന്ത്രി നരേന്ദ്രമോദി