നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷായുടെ ആദ്യ വിദേശ സന്ദർശനം, ഇന്ത്യയിലെത്തി; നാളെ മോദിയുമായി ചർച്ച, ഊർജ-വ്യാപാര സഹകരണവും സാമ്പത്തിക പാക്കേജും ചർച്ചയാകും

Published : Nov 22, 2026, 05:48 PM IST
Balen Shah

Synopsis

നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഊർജ സഹകരണം, അതിർത്തി തർക്കം, പ്രളയ ദുരിതാശ്വാസം തുടങ്ങിയ നിർണായക വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും

ദില്ലി: ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായാണ് ബാലൻ ഷാ ദില്ലിയിലെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമ്മുവുമായും കൂടിക്കാഴ്ച്ച നടത്തും. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അതിർത്തി തർക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചർച്ചയാകും. നേപ്പാളിലെ ചൈനീസ് സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിൽ പുതിയ നേതൃത്വവുമായി ബന്ധം ശക്തമാക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 34 അംഗ ഔദ്യോഗിക സംഘമാണ് ഷായെ അനുഗമിക്കുന്നത്.

ആദ്യ വിദേശ സന്ദർശനത്തിൽ ലക്ഷ്യങ്ങളേറെ

പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായാണ് ബാലൻ ഷാ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ നേപ്പാളിൽ സ്വാധീനമുറപ്പിക്കാൻ മത്സരിക്കുന്നതിനിടെയാണ് ബാലൻ ഷായുടെ ഇന്ത്യാ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ചൈനയുടെ സ്വാധീനത്തിനിടയിൽ നേപ്പാളിനെ ചേർത്തുനിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയിലെത്തിയ ബാലൻ ഷായെ കേന്ദ്ര വാണിജ്യ - വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. 34 അംഗ ഔദ്യോഗിക സംഘവുമായിട്ടാണ് ഷാ ഇന്ത്യയിലെത്തിയത്. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമ്മുവുമായുള്ള കൂടിക്കാഴ്ച്ച. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന മേഖലകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏകദേശം 500 കോടി ഡോളറാണ് നേപ്പാൾ ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് വൻ സാമ്പത്തിക സഹായ പാക്കേജ് നേപ്പാൾ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം നേപ്പാളിൽ നിന്നും 1,200 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാൻ ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു. ഇത് കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും, ഇന്ത്യ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ചകൾ നടക്കും. നേപ്പാളിലെ പുതിയ വിമാനത്താവളങ്ങളിലേക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്ന് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനായി ഇന്ത്യൻ വ്യോമാതിർത്തിയിൽ കൂടുതൽ പ്രവേശന പാതകൾ അനുവദിക്കണമെന്ന് നേപ്പാൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ചൈനീസ് സഹായത്തോടെ നിർമ്മിച്ച ഈ വിമാനത്താവളങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കകളുണ്ടെങ്കിലും, വ്യോമപാതകൾ തുറന്നുകിട്ടുന്നത് വിമാനത്താവളങ്ങളുടെ ലാഭകരമായ നടത്തിപ്പിന് അനിവാര്യമാണെന്ന് നേപ്പാൾ കരുതുന്നുണ്ട്. ഈ വിഷയങ്ങൾക്കൊപ്പം ഇരു രാജ്യങ്ങളുടെയും ഊർജ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും ഇരു പ്രധാനമന്ത്രിമാരും നിർവ്വഹിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം നാളെ വൈകിട്ട് ബാലൻ ഷാ തിരികെ നേപ്പാളിലേക്ക് പോകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബഹ്‌റൈനിലെ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇയും സൗദിയും, റിയാദ് ലക്ഷ്യമാക്കിയ ഹൂതി ഡ്രോൺ തകർത്തു
34 ആഴ്ച ഗർഭിണി, നിറവയറുമായി 38 -കാരി ഓടിത്തീർത്തത് ഏഴ് ലോക മാരത്തൺ; അവിശ്വസനീയ നേട്ടം!